21 അപ്പോൾ പത്രൊസ് അവന്റെ അടുക്കൽ വന്നു: കർത്താവേ, സഹോദരൻ എത്രവട്ടം എന്നോടു പിഴെച്ചാൽ ഞാൻ ക്ഷമിക്കേണം?
22 ഏഴുവട്ടം മതിയോ എന്നു ചോദിച്ചു. യേശു അവനോടു: “ഏഴുവട്ടമല്ല, എഴു എഴുപതു വട്ടം എന്നു ഞാൻ നിന്നോടു പറയുന്നു” എന്നു പറഞ്ഞു.
23 “സ്വർഗ്ഗരാജ്യം തന്റെ ദാസന്മാരുമായി കണക്കു തീർപ്പാൻ ഭാവിക്കുന്ന ഒരു രാജാവിനോടു സദൃശം.
24 അവൻ കണക്കു നോക്കിത്തുടങ്ങിയപ്പോൾ പതിനായിരം താലന്തു കടമ്പെട്ട ഒരുത്തനെ അവന്റെ അടുക്കൽ കൊണ്ടു വന്നു.
25 അവന്നു വീട്ടുവാൻ വകയില്ലായ്കയാൽ അവന്റെ യജമാനൻ അവനെയും ഭാര്യയെയും മക്കളെയും അവന്നുള്ളതൊക്കെയും വിറ്റു കടം തീർപ്പാൻ കല്പിച്ചു.
26 അതു കൊണ്ടു ആ ദാസൻ വീണു അവനെ നമസ്കരിച്ചു: യജമാനനേ എന്നോടു ക്ഷമ തോന്നേണമേ; ഞാൻ സകലവും തന്നു തീർക്കാം എന്നു പറഞ്ഞു.
27 അപ്പോൾ ആ ദാസന്റെ യജമാനൻ മനസ്സലിഞ്ഞു അവനെ വിട്ടയച്ചു കടവും ഇളെച്ചുകൊടുത്തു.
28 ആ ദാസൻ പോകുമ്പോൾ തനിക്കു നൂറു വെള്ളിക്കാശു കടമ്പെട്ട ഒരു കൂട്ടുദാസനെ കണ്ടു തൊണ്ടെക്കു പിടിച്ചു ഞെക്കി: നിന്റെ കടം തീർക്കുക എന്നു പറഞ്ഞു.
29 അവന്റെ കൂട്ടുദാസൻ: എന്നോടു ക്ഷമ തോന്നേണമേ; ഞാൻ തന്നു തീർക്കാം എന്നു അവനോടു അപേക്ഷിച്ച.
30 എന്നാൽ അവൻ മനസ്സില്ലാതെ ഉടനെ ചെന്നു കടം വീട്ടുവോളം അവനെ തടവിൽ ആക്കിച്ചു.
31 ഈ സംഭവിച്ചതു അവന്റെ കൂട്ടുദാസന്മാർ കണ്ടിട്ടു വളരെ ദുഃഖിച്ചു, ചെന്നു സംഭവിച്ചതു ഒക്കെയും യജമാനനെ ബോധിപ്പിച്ചു.
32 യജമാനൻ അവനെ വിളിച്ചു: ദുഷ്ടദാസനേ, നീ എന്നോടു അപേക്ഷിക്കയാൽ ഞാൻ ആ കടം ഒക്കെയും ഇളെച്ചുതന്നുവല്ലോ.
33 എനിക്കു നിന്നോടു കരുണ തോന്നിയതുപോലെ നിനക്കും കൂട്ടുദാസനോടു കരുണ തോന്നേണ്ടതല്ലയോ എന്നു പറഞ്ഞു
34 അങ്ങനെ യജമാനൻ കോപിച്ചു, അവൻ കടമൊക്കെയും തീർക്കുവോളം അവനെ ദണ്ഡിപ്പിക്കുന്നവരുടെ കയ്യിൽ ഏല്പിച്ചു
35 നിങ്ങൾ ഓരോരുത്തൻ സഹോദരനോടു ഹൃദയപൂർവ്വം ക്ഷമിക്കാഞ്ഞാൽ സ്വർഗ്ഗസ്ഥനായ എന്റെ പിതാവു അങ്ങനെ തന്നേ നിങ്ങളോടും ചെയ്യും.”

മത്തായി 18:21-35