Skip to content

തൗറാത്ത്: യൂസഫ്

37 യാക്കോബ് തന്റെ പിതാവ് പരദേശിയായി പാർത്ത ദേശമായ കനാൻദേശത്തു വസിച്ചു.യാക്കോബിന്റെ വംശപരമ്പര ഇതാകുന്നു: യോസേഫിനു പതിനേഴു വയസ്സായപ്പോൾ അവൻ തന്റെ സഹോദരന്മാരോടുകൂടെ ആടുകളെ മേയിച്ചുകൊണ്ട് ഒരു ബാലനായി തന്റെ അപ്പന്റെ ഭാര്യമാരായ ബിൽഹായുടെയും സില്പായുടെയും പുത്രന്മാരോടുകൂടെ ഇരുന്ന് അവരെക്കുറിച്ചുള്ള ദുർവാർത്ത യോസേഫ് അപ്പനോട് വന്നുപറഞ്ഞു.യോസേഫ് വാർദ്ധക്യത്തിലെ മകനാകകൊണ്ട് യിസ്രായേൽ എല്ലാമക്കളിലുംവച്ച് അവനെ അധികം സ്നേഹിച്ച് ഒരു നാനാ വര്‍ണ്ണങ്ങളിലുള്ള അങ്കി അവന് ഉണ്ടാക്കിച്ചു കൊടുത്തു.അപ്പൻ തങ്ങളെ എല്ലാവരെക്കാളും അവനെ അധികം സ്നേഹിക്കുന്നു എന്ന് അവന്റെ സഹോദരന്മാർ കണ്ടിട്ട് അവനെ വെറുത്തു; അവനോട് സൗഹൃദപൂർവ്വം സംസാരിക്കുവാൻ അവർക്ക് കഴിഞ്ഞില്ല.യോസേഫ് ഒരു സ്വപ്നം കണ്ടു; അത് തന്റെ സഹോദരന്മാരോട് അറിയിച്ചതുകൊണ്ട് അവർ അവനെ പിന്നെയും അധികം വെറുത്തു.യോസേഫ് സഹോദരന്മാരോട് പറഞ്ഞത്: “ഞാൻ കണ്ട സ്വപ്നം കേട്ടുകൊൾവിൻ.നാം വയലിൽ കറ്റ കെട്ടിക്കൊണ്ടിരുന്നു; അപ്പോൾ ഇതാ, എന്റെ കറ്റ എഴുന്നേറ്റു നിവിർന്നുനിന്നു; നിങ്ങളുടെ കറ്റകൾ ചുറ്റും നിന്ന് എന്റെ കറ്റയെ നമസ്കരിച്ചു”.അവന്റെ സഹോദരന്മാർ അവനോട്: “നീ ഞങ്ങളുടെ രാജാവാകുമോ? നീ ഞങ്ങളെ ഭരിക്കുമോ” എന്നു പറഞ്ഞു, അവന്റെ സ്വപ്നങ്ങൾ നിമിത്തവും അവന്റെ വാക്കുകൾ നിമിത്തവും അവർ അവനെ പിന്നെയും അധികം വെറുത്തു.അവൻ മറ്റൊരു സ്വപ്നം കണ്ടു അത് തന്റെ സഹോദരന്മാരോട് അറിയിച്ചു: “ഇതാ, ഞാൻ പിന്നെയും ഒരു സ്വപ്നം കണ്ടു; സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെ നമസ്കരിച്ചു” എന്നു പറഞ്ഞു.10 അവൻ അത് അപ്പനോടും സഹോദരന്മാരോടും അറിയിച്ചപ്പോൾ അപ്പൻ അവനെ ശാസിച്ച് അവനോട്: “നീ ഈ കണ്ട സ്വപ്നം എന്ത്? ഞാനും നിന്റെ അമ്മയും നിന്റെ സഹോദരന്മാരും സാഷ്ടാംഗം വീണു നിന്നെ നമസ്കരിക്കുവാൻ വരുമോ” എന്നു പറഞ്ഞു.11 അവന്റെ സഹോദരന്മാർക്ക് അവനോട് അസൂയ തോന്നി; അപ്പനോ ഈ വാക്ക് മനസ്സിൽ സൂക്ഷിച്ചു.12 അവന്റെ സഹോദരന്മാർ അപ്പന്റെ ആടുകളെ മേയിക്കുവാൻ ശെഖേമിൽ പോയിരുന്നു.13 യിസ്രായേൽ യോസേഫിനോട്: “നിന്റെ സഹോദരന്മാർ ശെഖേമിൽ ആടുമേയിക്കുന്നുണ്ടല്ലോ; വരുക, ഞാൻ നിന്നെ അവരുടെ അടുക്കൽ അയയ്ക്കും” എന്നു പറഞ്ഞതിന് അവൻ അവനോട്: “ഞാൻ പോകാം” എന്നു പറഞ്ഞു.14 യിസ്രായേൽ അവനോട്: “നീ ചെന്നു നിന്റെ സഹോദരന്മാർക്ക് സുഖം തന്നെയോ? ആടുകൾ നന്നായിരിക്കുന്നുവോ എന്നു നോക്കി, വന്നു വിവരം അറിയിക്കണം” എന്നു പറഞ്ഞ് ഹെബ്രോൻതാഴ്വരയിൽ നിന്നു അവനെ അയച്ചു; അവൻ ശെഖേമിൽ എത്തി.15 അവൻ മേച്ചിൽസ്ഥലത്തു ചുറ്റി നടക്കുന്നത് ഒരുവൻ കണ്ടു: “നീ എന്ത് അന്വേഷിക്കുന്നു” എന്ന് അവനോട് ചോദിച്ചു.16 അതിന് അവൻ: “ഞാൻ എന്റെ സഹോദരന്മാരെ അന്വേഷിക്കുന്നു; അവർ എവിടെ ആട് മേയിക്കുന്നു എന്ന് എന്നോട് അറിയിക്കണമേ” എന്നു പറഞ്ഞു.17 “അവർ ഇവിടെനിന്ന് പോയി; ‘നാം ദോഥാനിലേക്ക് പോവുക’ എന്ന് അവർ പറയുന്നത് ഞാൻ കേട്ടു” എന്ന് അവൻ പറഞ്ഞു. അങ്ങനെ യോസേഫ് തന്റെ സഹോദരന്മാരെ അന്വേഷിച്ചു ചെന്നു ദോഥാനിൽവച്ചു കണ്ടു.18 സഹോദരന്മാർ യോസേഫിനെ ദൂരത്തുനിന്ന് കണ്ടിട്ട് അവനെ കൊല്ലേണ്ടതിന് അവൻ അടുത്തുവരുന്നതിനു മുമ്പെ അവനു വിരോധമായി ഗൂഢാലോചന ചെയ്തു:19 “അതാ, സ്വപ്നക്കാരൻ വരുന്നു; വരുവിൻ, നാം അവനെ കൊന്ന് ഒരു കുഴിയിൽ ഇട്ടുകളയുക;20 ‘ഒരു കാട്ടുമൃഗം അവനെ തിന്നുകളഞ്ഞു’ എന്നു പറയാം; അവന്റെ സ്വപ്നങ്ങൾ എന്താകുമെന്നു നമുക്കു കാണാമല്ലോ” എന്നു തമ്മിൽതമ്മിൽ പറഞ്ഞു.21 രൂബേൻ അത് കേട്ടിട്ട്: “നാം അവനു ജീവഹാനി വരുത്തരുത്” എന്നു പറഞ്ഞ് അവനെ അവരുടെ കൈയിൽനിന്നു രക്ഷിച്ചു.22 അവരുടെ കൈയിൽനിന്ന് അവനെ വിടുവിച്ച് അപ്പന്റെ അടുക്കൽ കൊണ്ടുപോകേണമെന്ന് കരുതിക്കൊണ്ടു രൂബേൻ അവരോട്: “രക്തം വീഴ്ത്തരുത്; നിങ്ങൾ അവന്റെമേൽ കൈ വെക്കാതെ മരുഭൂമിയിലുള്ള ഈ കുഴിയിൽ അവനെ ഇടുവിൻ” എന്നു പറഞ്ഞു.23 യോസേഫ് തന്റെ സഹോദരന്മാരുടെ അടുക്കൽ വന്നപ്പോൾ അവൻ ധരിച്ചിരുന്ന നിലയങ്കി അവർ ഊരി, അവനെ എടുത്ത് ഒരു കുഴിയിൽ ഇട്ടു.24 അത് വെള്ളമില്ലാത്ത പൊട്ടക്കുഴി ആയിരുന്നു.25 അവർ ഭക്ഷണം കഴിക്കുവാൻ ഇരുന്നപ്പോൾ തലപൊക്കി നോക്കി, ഗിലെയാദിൽനിന്ന് സാമ്പ്രാണിയും സുഗന്ധപ്പശയും സന്നിനായകവും ഒട്ടകപ്പുറത്തു കയറ്റി ഈജിപ്റ്റിലേക്കു കൊണ്ടുപോകുന്ന യിശ്മായേല്യരുടെ ഒരു യാത്രക്കൂട്ടം വരുന്നത് കണ്ടു.26 അപ്പോൾ യെഹൂദാ തന്റെ സഹോദരന്മാരോട്: “നാം നമ്മുടെ സഹോദരനെ കൊന്ന് അവന്റെ രക്തം മറച്ചിട്ട് എന്ത് പ്രയോജനം?27 വരുവിൻ, നാം അവനെ യിശ്മായേല്യർക്കു വില്‍ക്കുക; നാം അവന്റെമേൽ കൈ വെക്കരുത്; അവൻ നമ്മുടെ സഹോദരനും നമ്മുടെ മാംസവുമല്ലോ” എന്നു പറഞ്ഞു; അവന്റെ സഹോദരന്മാർ അതിന് സമ്മതിച്ചു.28 മിദ്യാന്യകച്ചവടക്കാർ കടന്നുപോകുമ്പോൾ അവർ യോസേഫിനെ കുഴിയിൽനിന്നു വലിച്ചുകയറ്റി, യിശ്മായേല്യർക്ക് ഇരുപതു വെള്ളിക്കാശിനു വിറ്റു. അവർ യോസേഫിനെ ഈജിപ്റ്റിലേക്കു കൊണ്ടുപോയി.29 രൂബേൻ തിരികെ കുഴിയുടെ അടുക്കൽ ചെന്നപ്പോൾ യോസേഫ് കുഴിയിൽ ഇല്ല എന്നു കണ്ടു തന്റെ വസ്ത്രം കീറി,30 സഹോദരന്മാരുടെ അടുക്കൽ വന്നു: “ബാലനെ കാണുന്നില്ലല്ലോ; ഞാൻ ഇനി എവിടെ പോകേണ്ടു” എന്നു പറഞ്ഞു.31 പിന്നെ അവർ ഒരു കോലാട്ടിൻകുട്ടിയെ കൊന്ന്, യോസേഫിന്റെ അങ്കി എടുത്തു രക്തത്തിൽ മുക്കി.32 അവർ നിലയങ്കി അപ്പന്റെ അടുക്കൽ കൊടുത്തയച്ചു: “ഇതു ഞങ്ങൾക്കു കണ്ടുകിട്ടി; ഇതു നിന്റെ മകന്റെ അങ്കിയോ അല്ലയോ എന്ന് നോക്കണം” എന്നു പറഞ്ഞു.33 അവൻ അത് തിരിച്ചറിഞ്ഞു: “ഇത് എന്റെ മകന്റെ അങ്കി തന്നെ; ഒരു കാട്ടുമൃഗം അവനെ തിന്നുകളഞ്ഞു: യോസേഫിനെ പറിച്ചുകീറികളഞ്ഞു, സംശയമില്ല” എന്നു പറഞ്ഞു.34 യാക്കോബ് വസ്ത്രം കീറി, അരയിൽ ചാക്കുശീല ചുറ്റി ഏറിയനാൾ തന്റെ മകനെച്ചൊല്ലി ദുഃഖിച്ചുകൊണ്ടിരുന്നു.35 അവന്റെ പുത്രന്മാരും പുത്രിമാരും എല്ലാം അവനെ ആശ്വസിപ്പിക്കുവാൻ വന്നു; അവനോ ആശ്വാസം കൈക്കൊള്ളുവാൻ മനസ്സില്ലാതെ: “ഞാൻ ദുഃഖത്തോടെ എന്റെ മകന്റെ അടുക്കൽ പാതാളത്തിൽ ഇറങ്ങും” എന്നു പറഞ്ഞു. ഇങ്ങനെ അവന്റെ അപ്പൻ അവനെക്കുറിച്ചു കരഞ്ഞുകൊണ്ടിരുന്നു.36 എന്നാൽ മിദ്യാന്യർ അവനെ ഈജിപ്റ്റിൽ ഫറവോന്റെ ഒരു ഉദ്യോഗസ്ഥനായി അംഗരക്ഷകരുടെ നായകനായ പോത്തീഫറിനു വിറ്റു.

 

38 അക്കാലത്ത് യെഹൂദാ തന്റെ സഹോദരന്മാരെ വിട്ട് ഹീരാ എന്നു പേരുള്ള ഒരു അദുല്ലാമ്യന്റെ അടുക്കൽ ചെന്നു;അവിടെ ശൂവാ എന്നു പേരുള്ള ഒരു കനാന്യന്റെ മകളെ കണ്ടു; അവളെ വിവാഹംചെയ്തു.അവൾ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു; യെഹൂദാ അവന് ഏർ എന്നു പേരിട്ടു.അവൾ പിന്നെയും ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു; അവൾ അവന് ഓനാൻ എന്നു പേരിട്ടു.അവൾ പിന്നെയും ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു; അവന് ശേലാ എന്നു പേരിട്ടു. അവൾ ഇവനെ പ്രസവിച്ചപ്പോൾ യെഹൂദാ കെസീബിൽ ആയിരുന്നു.യെഹൂദാ തന്റെ ആദ്യജാതനായ ഏരിനു താമാർ എന്നു പേരുള്ള ഒരു ഭാര്യയെ എടുത്തു.യെഹൂദായുടെ ആദ്യജാതനായ ഏർ യഹോവയ്ക്ക് അപ്രിയനായിരുന്നതുകൊണ്ട് യഹോവ അവനെ മരണത്തിനിരയാക്കി.അപ്പോൾ യെഹൂദാ ഓനാനോട്: “നിന്റെ ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കൽ ചെന്ന് അവളോടു ദേവരധർമ്മം അനുഷ്ഠിച്ച്, ജ്യേഷ്ഠന്റെ പേർക്ക് സന്തതിയെ ജനിപ്പിക്കുക” എന്നു പറഞ്ഞു.എന്നാൽ ആ സന്തതി തന്റേതായിരിക്കുകയില്ല എന്ന് ഓനാൻ അറിയുകകൊണ്ട് ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കൽ ചെന്നപ്പോൾ ജ്യേഷ്ഠനു സന്തതിയെ കൊടുക്കാതിരിക്കേണ്ടതിന് ബീജം നിലത്തു വീഴ്ത്തിക്കളഞ്ഞു.10 അവൻ ചെയ്തതു യഹോവയ്ക്ക് അനിഷ്ടമായിരുന്നതുകൊണ്ട് യഹോവ ഇവനെയും മരണത്തിനിരയാക്കി.11 അപ്പോൾ യെഹൂദാ തന്റെ മരുമകളായ താമാറിനോട്: “എന്റെ മകൻ ശേലാ പ്രായപൂർത്തിയാകുവോളം നീ അപ്പന്റെ വീട്ടിൽപോയി വിധവയായി വസിക്കുക” എന്നു പറഞ്ഞു; ഇവനും സഹോദരന്മാരെപ്പോലെ മരിച്ചുപോകരുത് എന്ന് അവൻ വിചാരിച്ചു; അങ്ങനെ താമാർ അപ്പന്റെ വീട്ടിൽപോയി പാർത്തു.12 കുറെ കാലം കഴിഞ്ഞ് ശൂവയുടെ മകൾ യെഹൂദായുടെ ഭാര്യ മരിച്ചു; യെഹൂദായുടെ ദുഃഖം മാറിയശേഷം അവൻ തന്റെ സ്നേഹിതൻ അദുല്ലാമ്യനായ ഹീരയോടുകൂടെ തിമ്നായിൽ തന്റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിനുപോയി.13 “നിന്റെ അമ്മായിയപ്പൻ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിനു തിമ്നായ്ക്കു പോകുന്നു” എന്നു താമാറിന് അറിവുകിട്ടി.14 ശേലാ പ്രായപൂർത്തിയായിട്ടും തന്നെ അവന് ഭാര്യയായി കൊടുത്തില്ല എന്നു കണ്ടിട്ട് അവൾ വിധവാവസ്ത്രം മാറ്റിവച്ച്, ഒരു മൂടുപടം മൂടി പുതച്ച് തിമ്നായ്ക്കു പോകുന്ന വഴിക്കുള്ള എനയീംപട്ടണത്തിന്റെ വാതിൽക്കൽ ഇരുന്നു.15 യെഹൂദാ അവളെ കണ്ടപ്പോൾ അവൾ മുഖം മൂടിയിരുന്നതുകൊണ്ട് ഒരു വേശ്യ എന്നു വിചാരിച്ചു.16 അവൻ വഴിയരികെ അവളുടെ അടുക്കലേക്ക് തിരിഞ്ഞു തന്റെ മരുമകൾ എന്നു അറിയാതെ: “വരിക, ഞാൻ നിന്റെ അടുക്കൽ വരട്ടെ” എന്നു പറഞ്ഞു. “എന്റെ അടുക്കൽ വരുന്നതിനു നീ എനിക്ക് എന്ത് തരും” എന്ന് അവൾ ചോദിച്ചു.17 “ഞാൻ ആട്ടിൻകൂട്ടത്തിൽനിന്ന് ഒരു ആട്ടിൻകുട്ടിയെ നിനക്ക് കൊടുത്തയക്കാം” എന്ന് അവൻ പറഞ്ഞു. “നീ കൊടുത്തയക്കുന്നതുവരെ ഒരു പണയം തരുമോ” എന്ന് അവൾ ചോദിച്ചു.18 “ഞാൻ നിനക്ക് എന്ത് പണയം തരണം” എന്ന് അവൻ ചോദിച്ചതിന് “നിന്റെ മുദ്രമോതിരവും മോതിരച്ചരടും നിന്റെ കൈയിലെ വടിയും” എന്ന് അവൾ പറഞ്ഞു. ഇവ അവൾക്കു കൊടുത്തു, അവൻ അവളുടെ അടുക്കൽ ചെന്നു; അവൾ ഗർഭം ധരിക്കയും ചെയ്തു.19 പിന്നെ അവൾ എഴുന്നേറ്റുപോയി, തന്റെ മൂടുപടം നീക്കി വിധവാവസ്ത്രം ധരിച്ചു.20 സ്ത്രീയുടെ കൈയിൽനിന്നും പണയം മടക്കിവാങ്ങേണ്ടതിന് യെഹൂദാ അദുല്ലാമ്യനായ സ്നേഹിതന്റെ കൈവശം ആട്ടിൻകുട്ടിയെ കൊടുത്തയച്ചു; അവൻ അവളെ കണ്ടില്ലതാനും.21 അവൻ ആ സ്ഥലത്തെ ആളുകളോട്: “എനയീമിൽ വഴിയരികെ ഇരുന്ന വേശ്യ എവിടെ” എന്നു ചോദിച്ചതിന്: “ഇവിടെ ഒരു വേശ്യയും ഉണ്ടായിരുന്നില്ല” എന്ന് അവർ പറഞ്ഞു.22 അവൻ യെഹൂദായുടെ അടുക്കൽ മടങ്ങിവന്നു: “ഞാൻ അവളെ കണ്ടില്ല; ‘ഈ സ്ഥലത്ത് ഒരു വേശ്യയും ഉണ്ടായിരുന്നില്ല’ എന്ന് അവിടെയുള്ള ആളുകൾ പറഞ്ഞു” എന്നു പറഞ്ഞു.23 “അപ്പോൾ യെഹൂദാ നമുക്ക് അപകീർത്തി ഉണ്ടാകാതിരിക്കുവാൻ അവൾ അത് എടുത്തുകൊള്ളട്ടെ; ഞാൻ ഈ ആട്ടിൻകുട്ടിയെ കൊടുത്തയച്ചുവല്ലോ; നീ അവളെ കണ്ടില്ലതാനും” എന്നു പറഞ്ഞു.24 ഏകദേശം മൂന്നുമാസം കഴിഞ്ഞിട്ട്: “നിന്റെ മരുമകൾ താമാർ പരസംഗം ചെയ്തു, പരസംഗത്താൽ ഗർഭിണിയായിരിക്കുന്നു” എന്നു യെഹൂദായ്ക്ക് അറിവുകിട്ടി. അപ്പോൾ യെഹൂദാ: “അവളെ പുറത്തുകൊണ്ടുവരുവിൻ; അവളെ ചുട്ടുകളയണം” എന്നു പറഞ്ഞു.25 അവളെ പുറത്തു കൊണ്ടുവന്നപ്പോൾ അവൾ അമ്മായപ്പന്റെ അടുക്കൽ ആളയച്ച്: “ഇവയുടെ ഉടമസ്ഥനായ പുരുഷനാൽ ആകുന്നു ഞാൻ ഗർഭിണിയായിരിക്കുന്നത്; ഈ മുദ്രമോതിരവും മോതിരച്ചരടും വടിയും ആരുടേത് എന്നു നോക്കി അറിയണം” എന്നു പറയിച്ചു.26 യെഹൂദാ അവയെ അറിഞ്ഞ്: “അവൾ എന്നിലും നീതിയുള്ളവൾ; ഞാൻ അവളെ എന്റെ മകൻ ശേലാവിനു കൊടുത്തില്ല” എന്നു പറഞ്ഞു; അതിൽപിന്നെ അവളെ പ്രാപിച്ചതുമില്ല.27 അവൾക്കു പ്രസവകാലം ആയപ്പോൾ അവളുടെ ഗർഭത്തിൽ ഇരട്ടക്കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു.28 അവൾ പ്രസവിക്കുമ്പോൾ ഒരു കുഞ്ഞ് കൈ പുറത്തു നീട്ടി; അപ്പോൾ സൂതികർമ്മിണി ഒരു ചുവന്ന നൂൽ എടുത്ത് അവന്റെ കൈയ്ക്കു കെട്ടി; “ഇവൻ ആദ്യം പുറത്തു വന്നു” എന്നു പറഞ്ഞു.29 അവനോ കൈ പിന്നെയും അകത്തേക്കു വലിച്ചു. അപ്പോൾ അവന്റെ സഹോദരൻ പുറത്തു വന്നു: “നീ ഛിദ്രം ഉണ്ടാക്കിയത് എന്ത്” എന്ന് അവൾ പറഞ്ഞു. അതുകൊണ്ട് അവന് പേരെസ്സ് എന്നു പേരിട്ടു.30 അതിന്‍റെശേഷം കൈമേൽ ചുവന്ന നൂലുള്ള അവന്റെ സഹോദരൻ പുറത്തു വന്നു; അവന് സേരെഹ് എന്നു പേരിട്ടു

 

39 എന്നാൽ യോസേഫിനെ ഈജിപ്റ്റിലേക്കു കൊണ്ടുപോയി; അവനെ അവിടെ കൊണ്ടുവന്ന യിശ്മായേല്യരുടെ കൈയിൽനിന്നു ഫറവോന്റെ ഒരു ഉദ്യോഗസ്ഥനായി അംഗരക്ഷകരുടെ നായകനായ പോത്തീഫർ എന്ന ഒരു ഈജിപ്റ്റുകാരൻ അവനെ വിലയ്ക്കു വാങ്ങി.യഹോവ യോസേഫിനോടുകൂടെ ഉണ്ടായിരുന്നതിനാൽ അവൻ ശ്രേഷ്ഠനായി, ഈജിപ്റ്റുകാരനായ യജമാനന്റെ വീട്ടിൽ വസിച്ചു.യഹോവ അവനോടുകൂടെ ഉണ്ടെന്നും അവന്റെ പ്രവൃത്തികൾ യഹോവ സാധിപ്പിക്കുന്നു എന്നും അവന്റെ യജമാനൻ കണ്ടു.അതുകൊണ്ട് പോത്തീഫറിനു യോസേഫിനോട് ഇഷ്ടം തോന്നി; അവൻ അവനെ ഗൃഹവിചാരകനാക്കി, തനിക്കുള്ളതൊക്കെയും അവന്റെ കയ്യിൽ ഏല്പിച്ചു.അവൻ തന്റെ വീട്ടിനും തനിക്കുള്ള സകലത്തിനും അവനെ വിചാരകനാക്കിയതുമുതൽ യഹോവ യോസേഫിന്റെ നിമിത്തം ഈജിപ്റ്റുകാരന്റെ വീടിനെ അനുഗ്രഹിച്ചു; വീട്ടിലും വയലിലും അവനുള്ള സകലത്തിന്മേലും യഹോവയുടെ അനുഗ്രഹം ഉണ്ടായി.അവൻ തനിക്കുള്ളതെല്ലാം യോസേഫിന്റെ കയ്യിൽ ഏല്പിച്ചു; താൻ ഭക്ഷിക്കുന്ന ഭക്ഷണം ഒഴികെ അവന്റെ കൈവശം ഉള്ള മറ്റു യാതൊന്നും അവൻ അറിഞ്ഞില്ല.യോസേഫ് സുന്ദരനും സുമുഖനും ആയിരുന്നതുകൊണ്ട് യജമാനന്റെ ഭാര്യക്ക് അവനോട് അനുരാഗം തോന്നി: “എന്നോടുകൂടെ ശയിക്ക” എന്ന് അവൾ പറഞ്ഞു.അവൻ അതിന് വിസമ്മതിച്ചു യജമാനന്റെ ഭാര്യയോട്: “ഇതാ, വീട്ടിൽ എന്റെ കൈവശമുള്ള യാതൊന്നും എന്റെ യജമാനൻ അറിയുന്നില്ല; തനിക്കുള്ള സകലതും എന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു.ഈ വീട്ടിൽ എന്നെക്കാൾ വലിയവനില്ല; നീ അവന്റെ ഭാര്യ ആയതിനാൽ നിന്നെയല്ലാതെ മറ്റു യാതൊന്നും അവൻ എനിക്ക് വിലക്കിയിട്ടുമില്ല; അതുകൊണ്ട് ഞാൻ ഈ മഹാദോഷം പ്രവർത്തിച്ച് ദൈവത്തോടു പാപം ചെയ്യുന്നത് എങ്ങനെ” എന്നു പറഞ്ഞു.10 അവൾ അനുദിനം യോസേഫിനോടു പറഞ്ഞിട്ടും അവളോടുകൂടെ ശയിക്കുവാനോ അവളുടെ അരികിൽ ഇരിക്കുവാനോ അവൻ അവളെ അനുസരിച്ചില്ല.11 ഒരു ദിവസം യോസേഫ് തന്റെ ജോലി ചെയ്യുവാൻ വീടിനകത്തു ചെന്നു; വീട്ടിലുള്ളവർ ആരും അവിടെ ഇല്ലായിരുന്നു.12 അവൾ അവന്റെ വസ്ത്രം പിടിച്ചു: “എന്നോട് കൂടെ ശയിക്കുക” എന്നു പറഞ്ഞു: എന്നാൽ അവൻ തന്റെ വസ്ത്രം അവളുടെ കയ്യിൽ വിട്ടിട്ട് പുറത്തേക്ക് ഓടിക്കളഞ്ഞു.13 അവൻ വസ്ത്രം തന്റെ കയ്യിൽ വിട്ടിട്ട് പുറത്തേക്ക് ഓടിപ്പോയി എന്നു കണ്ടപ്പോൾ,14 അവൾ വീട്ടിലുള്ളവരെ വിളിച്ച് അവരോട്: “കണ്ടോ, നമ്മെ അപമാനിക്കേണ്ടതിന് അദ്ദേഹം ഒരു എബ്രായനെ കൊണ്ടുവന്നിരിക്കുന്നു; അവൻ എന്നോടുകൂടി ശയിക്കുന്നതിനു എന്റെ അടുക്കൽ വന്നു; എന്നാൽ ഞാൻ ഉറക്കെ നിലവിളിച്ചു.15 ഞാൻ ഉറക്കെ നിലവിളിച്ചതു കേട്ടപ്പോൾ അവൻ തന്റെ വസ്ത്രം എന്റെ അടുക്കൽ വിട്ടു കളഞ്ഞിട്ട് ഓടി പൊയ്ക്കളഞ്ഞു” എന്നു പറഞ്ഞു.16 യജമാനൻ വീട്ടിൽ വരുവോളം അവൾ ആ വസ്ത്രം തന്റെ കൈവശം വച്ചുകൊണ്ടിരുന്നു.17 അവനോട് അവൾ അതുപോലെ തന്നെ സംസാരിച്ചു: “അങ്ങ് കൊണ്ടുവന്നിരിക്കുന്ന എബ്രായദാസൻ എന്നെ അപമാനിക്കുവാൻ എന്റെ അടുക്കൽ വന്നു.18 ഞാൻ ഉറക്കെ നിലവിളിച്ചപ്പോൾ അവൻ തന്റെ വസ്ത്രം എന്റെ അടുക്കൽ വിട്ടിട്ട് പുറത്തേക്ക് ഓടിപ്പോയി” എന്നു പറഞ്ഞു.19 “അങ്ങയുടെ ദാസൻ ഇങ്ങനെ എന്നോട് ചെയ്തു” എന്നു തന്റെ ഭാര്യ പറഞ്ഞവാക്ക് യജമാനൻ കേട്ടപ്പോൾ അവനു കോപം ജ്വലിച്ചു.20 യോസേഫിന്റെ യജമാനൻ അവനെ പിടിച്ച് രാജാവിന്റെ തടവുകാർ കിടക്കുന്ന കാരാഗൃഹത്തിൽ ആക്കി; അങ്ങനെ അവൻ കാരാഗൃഹത്തിൽ കിടന്നു.21 എന്നാൽ യഹോവ യോസേഫിനോടുകൂടെ ഇരുന്നു, കാരാഗൃഹപ്രമാണിക്കു അവനോട് ദയ തോന്നത്തക്കവണ്ണം യോസേഫിന് കൃപ നല്കി.22 കാരാഗൃഹത്തിലെ സകലതടവുകാരെയും കാരാഗൃഹപ്രമാണി യോസേഫിന്റെ കയ്യിൽ ഏല്പിച്ചു; അവരുടെ എല്ലാ പ്രവൃത്തികൾക്കും അവൻ വിചാരകനായിരുന്നു.23 യഹോവ അവനോടുകൂടി ഇരുന്ന് അവൻ ചെയ്ത സകലതും സഫലമാക്കിയതിനാൽ അവന്റെ അധീനതയിൽ ഉള്ള യാതൊന്നും കാരാഗൃഹപ്രമാണി നോക്കിയില്ല.

 

40 അനന്തരം ഈജിപ്റ്റുരാജാവിന്റെ പാനപാത്രവാഹകനും അപ്പക്കാരനും ഈജിപ്റ്റുരാജാവായ തങ്ങളുടെ യജമാനനോടു കുറ്റം ചെയ്തു.ഫറവോൻ പാനപാത്രവാഹകന്മാരുടെ പ്രധാനിയും അപ്പക്കാരുടെ പ്രധാനിയുമായ തന്റെ രണ്ട് ഉദ്യോഗസ്ഥന്മാരോടു കോപിച്ചു.അവരെ അംഗരക്ഷക മേധാവിയുടെ വീട്ടിൽ യോസേഫ് ബദ്ധനായി കിടന്ന കാരാഗൃഹത്തിൽ ആക്കി.അംഗരക്ഷാനായകൻ അവരെ യോസേഫിന്റെ പക്കൽ ഏല്പിച്ചു; അവൻ അവർക്ക് ശുശ്രൂഷചെയ്തു; അവർ കുറെക്കാലം തടവിൽ കിടന്നു.ഈജിപ്റ്റുരാജാവിന്റെ പാനപാത്രവാഹകനും അപ്പക്കാരനും ഇങ്ങനെ കാരാഗൃഹത്തിൽ തടവുകാരായിരുന്ന രണ്ടുപേരും ഒരു രാത്രിയിൽ തന്നെ വേറെവേറെ അർത്ഥമുള്ള ഓരോ സ്വപ്നം കണ്ടു.രാവിലെ യോസേഫ് അവരുടെ അടുക്കൽ വന്നു നോക്കിയപ്പോൾ അവർ വിഷാദ ഭാവത്തോടുകൂടി ഇരിക്കുന്നത് കണ്ടു.അവൻ യജമാനന്റെ വീട്ടിൽ തന്നോടുകൂടെ തടവിൽ കിടക്കുന്നവരായ ഫറവോന്റെ ഉദ്യോഗസ്ഥന്മാരോട്: “നിങ്ങൾ ഇന്ന് വിഷാദഭാവത്തോടിരിക്കുന്നത് എന്ത്” എന്നു ചോദിച്ചു.അവർ അവനോട്: “ഞങ്ങൾ സ്വപ്നം കണ്ടു; വ്യാഖ്യാനിച്ചുതരുവാൻ ആരുമില്ല” എന്നു പറഞ്ഞു. യോസേഫ് അവരോട്: “സ്വപ്നവ്യാഖ്യാനം ദൈവത്തിന്നുള്ളതല്ലയോ? അത് എന്നോട് പറയുവിൻ” എന്നു പറഞ്ഞു.അപ്പോൾ പാനപാത്രവാഹകന്മാരുടെ പ്രധാനി യോസേഫിനെ തന്റെ സ്വപ്നം അറിയിച്ചു പറഞ്ഞത്: “എന്റെ സ്വപ്നത്തിൽ ഇതാ, എന്റെ മുമ്പിൽ ഒരു മുന്തിരിവള്ളി.10 മുന്തിരിവള്ളിയിൽ മൂന്നു ശാഖ; അത് തളിർത്തു പൂത്തു; കുലകളിൽ മുന്തിരിങ്ങാ പഴുത്തു.11 ഫറവോന്റെ പാനപാത്രം എന്റെ കയ്യിൽ ഉണ്ടായിരുന്നു; ഞാൻ മുന്തിരിപ്പഴം പറിച്ചു ഫറവോന്റെ പാനപാത്രത്തിൽ പിഴിഞ്ഞു: പാനപാത്രം ഫറവോന്റെ കയ്യിൽ കൊടുത്തു”.12 യോസേഫ് അവനോട് പറഞ്ഞത്: “അതിന്റെ അർത്ഥം ഇതാകുന്നു: മൂന്ന് ശാഖ മൂന്നുദിവസം.13 മൂന്നു ദിവസത്തിനകം ഫറവോൻ നിന്നോട് ക്ഷമിച്ച്, വീണ്ടും നിന്റെ സ്ഥാനത്ത് ആക്കും. നീ പാനപാത്രവാഹകനായി മുൻ പതിവുപോലെ ഫറവോന്റെ കയ്യിൽ പാനപാത്രം കൊടുക്കും.14 എന്നാൽ നിനക്ക് നല്ലകാലം വരുമ്പോൾ എന്നെ ഓർത്ത് എന്നോട് ദയചെയ്ത് ഫറവോനെ എന്റെ വിവരം ബോധിപ്പിച്ച് എന്നെ ഈ കാരാഗൃഹത്തിൽനിന്നും വിടുവിക്കണമേ.15 എന്നെ എബ്രായരുടെ ദേശത്തുനിന്ന് അപഹരിച്ചുകൊണ്ടുപോന്നതാകുന്നു; ഈ തടവറയിൽ എന്നെ ഇടേണ്ടതിന് ഞാൻ ഇവിടെയും യാതൊന്നും ചെയ്തിട്ടില്ല”.16 അർത്ഥം നല്ലതെന്ന് അപ്പക്കാരുടെ പ്രധാനി കണ്ടിട്ട് യോസേഫിനോട്: “ഞാനും സ്വപ്നത്തിൽ എന്റെ തലയിൽ വെളുത്ത അപ്പമുള്ള മൂന്നു കൊട്ട കണ്ടു.17 ഏറ്റവും മുകളിലത്തെ കൊട്ടയിൽ ഫറവോനുവേണ്ടി എല്ലാത്തരം അപ്പവും ഉണ്ടായിരുന്നു; പക്ഷികൾ എന്റെ തലയിലെ കൊട്ടയിൽനിന്ന് അവയെ തിന്നുകളഞ്ഞു” എന്നു പറഞ്ഞു.18 അതിന് യോസേഫ്: “അതിന്റെ അർത്ഥം ഇതാകുന്നു: മൂന്നു കൊട്ട മൂന്നുദിവസം.19 മൂന്നു ദിവസത്തിനകം ഫറവോൻ നിന്റെ തലവെട്ടി നിന്നെ ഒരു മരത്തിന്മേൽ തൂക്കും; പക്ഷികൾ നിന്റെ മാംസം തിന്നുകളയും” എന്ന് ഉത്തരം പറഞ്ഞു.20 മൂന്നാംദിവസം ഫറവോന്റെ ജന്മദിവസത്തിൽ അവൻ തന്റെ സകലദാസന്മാർക്കും ഒരു വിരുന്നു കഴിച്ചു. തന്റെ ദാസന്മാരുടെ മദ്ധ്യത്തിൽ പാനപാത്രവാഹകന്മാരുടെ പ്രധാനിയെയും അപ്പക്കാരുടെ പ്രധാനിയെയും ഓർത്തു.21 പാനപാത്രവാഹകന്മാരുടെ പ്രധാനിയെ ഫറവോന്റെ കയ്യിൽ പാനപാത്രം കൊടുക്കണ്ടതിനു വീണ്ടും അവന്റെ സ്ഥാനത്ത് ആക്കി.22 അപ്പക്കാരുടെ പ്രധാനിയെയോ അവൻ തൂക്കികൊന്നു; യോസേഫ് അർത്ഥം പറഞ്ഞതുപോലെ തന്നെ.23 എങ്കിലും പാനപാത്രവാഹകന്മാരുടെ പ്രധാനി യോസേഫിനെ ഓർക്കാതെ അവനെ മറന്നുകളഞ്ഞു.

 

41 രണ്ടു വർഷം കഴിഞ്ഞശേഷം ഫറവോൻ ഒരു സ്വപ്നം കണ്ടത് എന്തെന്നാൽ:അവൻ നദീതീരത്തു നിന്നു. അപ്പോൾ രൂപഗുണവും മാംസപുഷ്ടിയുമുള്ള ഏഴു പശു നദിയിൽനിന്നു കയറി, ഞാങ്ങണയുടെ ഇടയിൽ മേഞ്ഞുകൊണ്ടിരുന്നു.അവയുടെ പിന്നാലെ മെലിഞ്ഞും വിരൂപവുമായ വേറെ ഏഴു പശു നദിയിൽനിന്നു കയറി, നദീതീരത്തു മറ്റെ പശുക്കളുടെ അരികിൽ നിന്നു.മെലിഞ്ഞും വിരൂപവുമായ പശുക്കൾ രൂപഗുണവും മാംസപുഷ്ടിയുമുള്ള ഏഴു പശുക്കളെ തിന്നുകളഞ്ഞു; അപ്പോൾ ഫറവോൻ ഉണർന്നു.അവൻ പിന്നെയും ഉറങ്ങി, രണ്ടാമതും ഒരു സ്വപ്നം കണ്ടു; പുഷ്ടിയുള്ളതും നല്ലതുമായ ഏഴു കതിർ ഒരു തണ്ടിൽനിന്നു പൊങ്ങിവന്നു.അവയുടെ പിന്നാലെ ശോഷിച്ചും കിഴക്കൻ കാറ്റിനാൽ കരിഞ്ഞുമിരിക്കുന്ന ഏഴു കതിർ പൊങ്ങിവന്നു.ശോഷിച്ച ഏഴു കതിരുകൾ പുഷ്ടിയും മണിക്കരുത്തുമുള്ള ഏഴു കതിരുകളെ വിഴുങ്ങിക്കളഞ്ഞു. അപ്പോൾ ഫറവോൻ ഉണർന്നു, അത് സ്വപ്നം എന്ന് അറിഞ്ഞ്.പ്രഭാതത്തിൽ അവൻ വ്യാകുലപ്പെട്ടു ഈജിപ്റ്റിലെ മന്ത്രവാദികളെയും ജ്ഞാനികളെയും എല്ലാം ആളയച്ച് വരുത്തി അവരോട് തന്റെ സ്വപ്നം പറഞ്ഞു. എന്നാൽ വ്യാഖ്യാനിക്കുവാൻ ആർക്കും കഴിഞ്ഞില്ല.അപ്പോൾ പാനപാത്രവാഹകന്മാരുടെ പ്രധാനി ഫറവോനോട് പറഞ്ഞത്: “ഇന്ന് ഞാൻ എന്റെ കുറ്റം ഓർക്കുന്നു.10 ഫറവോൻ അടിയങ്ങളോടു കോപിച്ചു, എന്നെയും അപ്പക്കാരുടെ പ്രധാനിയെയും അംഗരക്ഷാനായകന്റെ വീട്ടിൽ തടവിലാക്കിയിരുന്നുവല്ലോ.11 അവിടെവച്ച് ഞാനും അവനും ഒരു രാത്രിയിൽ വ്യത്യസ്ത അർത്ഥമുള്ള സ്വപ്നങ്ങൾ കണ്ടു;12 അവിടെ അംഗരക്ഷാനായകന്റെ ദാസനായ ഒരു എബ്രായ യൗവനക്കാരൻ ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു; ഞങ്ങൾ അവനോട് അറിയിച്ചപ്പോൾ അവൻ സ്വപ്നങ്ങളെ വ്യാഖ്യാനിച്ചു; ഓരോരുത്തന് അവനവന്റെ സ്വപ്നത്തിന്റെ അർത്ഥം പറഞ്ഞുതന്നു.13 അവൻ അർത്ഥം പറഞ്ഞതുപോലെ തന്നെ സംഭവിച്ചു; എന്നെ വീണ്ടും യഥാസ്ഥാനത്ത് ആക്കുകയും മറ്റവനെ തൂക്കിക്കൊല്ലുകയും ചെയ്തുവല്ലോ”.14 ഉടനെ ഫറവോൻ ആളയച്ച് യോസേഫിനെ വിളിപ്പിച്ചു. അവർ അവനെ വേഗം തടവറയിൽനിന്ന് ഇറക്കി; അവൻ ക്ഷൗരം ചെയ്ത്, വസ്ത്രം മാറി, ഫറവോന്റെ അടുക്കൽ ചെന്നു.15 ഫറവോൻ യോസേഫിനോട്: “ഞാൻ ഒരു സ്വപ്നം കണ്ടു; അത് വ്യാഖ്യാനിക്കുവാൻ ആരുമില്ല; എന്നാൽ ഒരു സ്വപ്നം വിവരിച്ചു കേട്ടാൽ നീ വ്യാഖ്യാനിക്കുമെന്നു നിന്നെക്കുറിച്ച് ഞാൻ കേട്ടിരിക്കുന്നു” എന്നു പറഞ്ഞു.16 അതിന് യോസേഫ് ഫറവോനോട്: “ഞാനല്ല ദൈവം തന്നെ ഫറവോന് ശുഭമായോരു ഉത്തരം നല്കും” എന്നു പറഞ്ഞു.17 പിന്നെ ഫറവോൻ യോസേഫിനോടു പറഞ്ഞത്: “എന്റെ സ്വപ്നത്തിൽ ഞാൻ നദീതീരത്തു നിന്നു.18 അപ്പോൾ മാംസപുഷ്ടിയും രൂപഗുണവുമുള്ള ഏഴു പശുക്കൾ നദിയിൽനിന്നു കയറി ഞാങ്ങണയുടെ ഇടയിൽ മേഞ്ഞുകൊണ്ടിരുന്നു.19 അവയുടെ പിന്നാലെ ക്ഷീണിച്ചും മെലിഞ്ഞും വളരെ വിരൂപമായുമുള്ള വേറെ ഏഴു പശുക്കൾ കയറി വന്നു; അത്ര വിരൂപമായവയെ ഞാൻ ഈജിപ്റ്റുദേശത്ത് എങ്ങും കണ്ടിട്ടില്ല.20 എന്നാൽ മെലിഞ്ഞും വിരൂപമായുമുള്ള പശുക്കൾ പുഷ്ടിയുള്ള മുമ്പിലത്തെ ഏഴു പശുക്കളെ തിന്നുകളഞ്ഞു;21 ഇവ അവയുടെ വയറ്റിൽ ചെന്നിട്ടും വയറ്റിൽ ചെന്നു എന്ന് അറിയുവാനില്ലായിരുന്നു; അവ മുമ്പിലത്തെപ്പോലെ തന്നെ വിരൂപമായിരുന്നു. അപ്പോൾ ഞാൻ ഉണർന്നു.22 പിന്നെയും ഞാൻ സ്വപ്നത്തിൽ കണ്ടത്: നിറഞ്ഞതും നല്ലതുമായ ഏഴു കതിർ ഒരു തണ്ടിൽ പെട്ടെന്ന് പൊങ്ങിവന്നു.23 അവയുടെ പിന്നാലെ ഉണങ്ങിയും ശോഷിച്ചും കിഴക്കൻ കാറ്റിനാൽ കരിഞ്ഞുമിരിക്കുന്ന ഏഴു കതിർ പൊങ്ങിവന്നു.24 ശോഷിച്ച കതിരുകൾ ഏഴു നല്ല കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഇതു ഞാൻ മന്ത്രവാദികളോടു പറഞ്ഞു; എന്നാൽ വ്യാഖ്യാനിക്കുവാൻ ആർക്കും കഴിഞ്ഞില്ല”.25 അപ്പോൾ യോസേഫ് ഫറവോനോട് പറഞ്ഞത്: “ഫറവോന്റെ സ്വപ്നം ഒന്നുതന്നെ; ദൈവം ചെയ്യുവാൻ പോകുന്നത് ദൈവം ഫറവോനു വെളിപ്പെടുത്തിയിരിക്കുന്നു.26 ഏഴു നല്ല പശു ഏഴു വർഷം; ഏഴു നല്ല കതിരും ഏഴു വർഷം; സ്വപ്നം ഒന്നുതന്നെ.27 അവയുടെ പിന്നാലെ കയറിവന്ന മെലിഞ്ഞും വിരൂപവുമായ ഏഴു പശുവും കിഴക്കൻ കാറ്റിനാൽ കരിഞ്ഞു പതിരായുള്ള ഏഴു കതിരും ഏഴു വർഷം; അവ ക്ഷാമമുള്ള ഏഴു വർഷം ആകുന്നു.28 ദൈവം ചെയ്യുവാൻ പോകുന്നത് ഫറവോന് അവിടുന്ന് കാണിച്ചുതന്നിരിക്കുന്നു. അതാകുന്നു ഞാൻ ഫറവോനോട് പറഞ്ഞത്.29 ഈജിപ്റ്റുദേശത്തൊക്കെയും അതിസമൃദ്ധിയുള്ള ഏഴു വർഷം വരും.30 അത് കഴിഞ്ഞിട്ട് ക്ഷാമമുള്ള ഏഴു വർഷം വരും; അപ്പോൾ ഈജിപ്റ്റുദേശത്ത് ആ സമൃദ്ധിയെല്ലാം മറന്നുപോകും; ക്ഷാമത്താൽ ദേശം മുഴുവൻ ക്ഷയിച്ചുപോകും.31 പിൻവരുന്ന ക്ഷാമം അതികഠിനമായിരിക്കയാൽ ദേശത്തുണ്ടായിരുന്ന സമൃദ്ധി പൂർണ്ണമായി വിസ്മരിക്കപ്പെടും.32 ഫറവോനു സ്വപ്നം രണ്ടുവട്ടം ഉണ്ടായതോ കാര്യം ദൈവത്തിന്റെ മുമ്പാകെ സ്ഥിരമായിരിക്കുക കൊണ്ടും ദൈവം അതിനെ വേഗത്തിൽ വരുത്തുവാനിരിക്കുന്നതു കൊണ്ടും ആകുന്നു.33 ആകയാൽ ഫറവോൻ വിവേകവും ജ്ഞാനവുമുള്ള ഒരുവനെ അന്വേഷിച്ച് ഈജിപ്റ്റുദേശത്തിനു മേലധികാരി ആക്കി വെക്കണം.34 അതുകൂടാതെ ഫറവോൻ ദേശത്തിന്മേൽ വിചാരകന്മാരെ നിയമിച്ച്, സമൃദ്ധിയുള്ള ഏഴു വർഷം ഈജിപ്റ്റുദേശത്തിലെ വിളവിൽ അഞ്ചിലൊന്നു വാങ്ങണം.35 ഈ വരുന്ന നല്ല വർഷങ്ങളിലെ വിളവൊക്കെയും ശേഖരിച്ചു പട്ടണങ്ങളിൽ ഫറവോന്റെ അധികാരത്തിൻ കീഴിൽ ധാന്യം സൂക്ഷിച്ചുവെക്കേണം.36 ആ ധാന്യം ഈജിപ്റ്റുദേശത്തു വരുവാൻ പോകുന്ന ക്ഷാമമുള്ള ഏഴുവർഷത്തേക്കു ദേശത്തിന് കരുതൽശേഖരമായിരിക്കണം; എന്നാൽ ദേശം ക്ഷാമംകൊണ്ടു നശിക്കയില്ല”.37 ഈ നിർദേശം ഫറവോനും അവന്റെ സകലഭൃത്യന്മാർക്കും ബോധിച്ചു.38 ഫറവോൻ തന്റെ ഭൃത്യന്മാരോട്: “ദൈവാത്മാവുള്ള ഈ മനുഷ്യനെപ്പോലെ ഒരുവനെ കണ്ടുകിട്ടുമോ?” എന്നു പറഞ്ഞു.39 പിന്നെ ഫറവോൻ യോസേഫിനോട്: “ദൈവം ഇതൊക്കെയും നിനക്ക് വെളിപ്പെടുത്തി തന്നതുകൊണ്ടു നിന്നെപ്പോലെ വിവേകവും ജ്ഞാനവുമുള്ളവൻ ഒരുത്തനുമില്ല.40 നീ എന്റെ രാജ്യത്തിനു മേലധികാരിയാകും; നിന്റെ വാക്ക് എന്റെ ജനമെല്ലാം അനുസരിച്ചു നടക്കും; സിംഹാസനംകൊണ്ടു മാത്രം ഞാൻ നിന്നെക്കാൾ വലിയവനായിരിക്കും” എന്നു പറഞ്ഞു.41 “ഇതാ, ഈജിപ്റ്റുദേശത്തിനൊക്കെയും ഞാൻ നിന്നെ ഗവർണ്ണർ ആക്കിയിരിക്കുന്നു,” എന്നും ഫറവോൻ യോസേഫിനോടു പറഞ്ഞു.42 ഫറവോൻ തന്റെ കൈയിൽനിന്ന് മുദ്രമോതിരം ഊരി, യോസേഫിന്റെ കൈയ്ക്ക് ഇട്ടു, അവനെ നേർമ്മയുള്ള വസ്ത്രം ധരിപ്പിച്ചു, ഒരു സ്വർണ്ണമാലയും അവന്റെ കഴുത്തിൽ ഇട്ടു.43 തന്റെ രണ്ടാം രഥത്തിൽ അവനെ കയറ്റി: “മുട്ടുകുത്തുവിൻ” എന്ന് അവന്റെ മുമ്പിൽ വിളിച്ചു പറയിച്ചു; ഇങ്ങനെ അവനെ ഈജിപ്റ്റുദേശത്തിനൊക്കെയും മേലധികാരിയാക്കി.44 പിന്നെ ഫറവോൻ യോസേഫിനോട്: “ഞാൻ ഫറവോൻ ആകുന്നു; നിന്റെ കല്പന കൂടാതെ ഈജിപ്റ്റുദേശത്ത് എങ്ങും യാതൊരുത്തനും കൈയോ കാലോ അനക്കുകയില്ല” എന്നു പറഞ്ഞു.45 ഫറവോൻ യോസേഫിനു സാപ്നത്ത് പനേഹ് എന്നു പേരിട്ടു; ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്തിനെ അവന് ഭാര്യയായി കൊടുത്തു. പിന്നെ യോസേഫ് ഈജിപ്റ്റുദേശത്തു സഞ്ചരിച്ചു.46 യോസേഫ് ഈജിപ്റ്റുരാജാവായ ഫറവോന്റെ മുമ്പാകെ നില്ക്കുമ്പോൾ അവന് മുപ്പതു വയസ്സായിരുന്നു. യോസേഫ് ഫറവോന്റെ സന്നിധാനത്തിൽനിന്നു പുറപ്പെട്ട് ഈജിപ്റ്റുദേശത്തെല്ലായിടവും സഞ്ചരിച്ചു.47 എന്നാൽ സമൃദ്ധമായ ഏഴു വർഷവും ദേശം സമൃദ്ധിയായി വിളഞ്ഞു.48 ഈജിപ്റ്റുദേശത്തു സുഭിക്ഷത ഉണ്ടായ ഏഴു സംവത്സരത്തിലെ ധാന്യം ഒക്കെയും അവൻ ശേഖരിച്ചു പട്ടണങ്ങളിൽ സൂക്ഷിച്ചു; ഓരോ പട്ടണത്തിൽ ചുറ്റിലുമുള്ള നിലത്തിലെ ധാന്യം സൂക്ഷിച്ചു.49 അങ്ങനെ യോസേഫ് കടൽകരയിലെ മണൽപോലെ വളരെയധികം ധാന്യം ശേഖരിച്ചു വച്ചു; അളക്കുവാൻ കഴിയായ്കയാൽ അളവു നിർത്തിവച്ചു.50 ക്ഷാമകാലം വരുംമുമ്പ് യോസേഫിനു രണ്ടു പുത്രന്മാർ ജനിച്ചു; അവരെ ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്ത് പ്രസവിച്ചു.51 “എന്റെ സകല കഷ്ടതയും എന്റെ പിതൃഭവനം ഒക്കെയും ദൈവം എന്നെ മറക്കുമാറാക്കി” എന്നു പറഞ്ഞു യോസേഫ് തന്റെ ആദ്യജാതനു മനശ്ശെ എന്നു പേരിട്ടു.52 “സങ്കടദേശത്തു ദൈവം എന്നെ വർദ്ധിപ്പിച്ചു” എന്നു പറഞ്ഞ്, അവൻ രണ്ടാമത്തവന് എഫ്രയീം എന്നു പേരിട്ടു.53 ഈജിപ്റ്റുദേശത്തുണ്ടായ സമൃദ്ധിയുടെ ഏഴു വർഷം കഴിഞ്ഞപ്പോൾ54 യോസേഫ് പറഞ്ഞതുപോലെ ക്ഷാമമുള്ള ഏഴു വർഷം തുടങ്ങി; സകലദേശങ്ങളിലും ക്ഷാമമുണ്ടായി; എന്നാൽ ഈജിപ്റ്റുദേശത്ത് എല്ലായിടത്തും ആഹാരം ഉണ്ടായിരുന്നു.55 പിന്നെ ഈജിപ്റ്റുദേശത്ത് എല്ലായിടത്തും ക്ഷാമം ഉണ്ടായപ്പോൾ ജനങ്ങൾ ആഹാരത്തിനായി ഫറവോനോട് നിലവിളിച്ചു; ഫറവോൻ ഈജിപ്റ്റുകാരോടെല്ലാവരോടും: “നിങ്ങൾ യോസേഫിന്റെ അടുക്കൽ ചെല്ലുവിൻ; അവൻ നിങ്ങളോടു പറയുന്നതുപോലെ ചെയ്യുവിൻ” എന്നു പറഞ്ഞു.56 ക്ഷാമം ഭൂതലത്തിൽ എല്ലായിടത്തും ഉണ്ടായി; യോസേഫ് കലവറകൾ ഓരോന്നും തുറന്നു, ഈജിപ്റ്റുകാർക്കു ധാന്യം വിറ്റു; ക്ഷാമം ഈജിപ്റ്റുദേശത്തും കഠിനമായ്തീർന്നു.57 ഭൂമിയിൽ എങ്ങും ക്ഷാമം കഠിനമായ്തീർന്നതുകൊണ്ട് സകലദേശക്കാരും ധാന്യം വാങ്ങുവാൻ ഈജിപ്റ്റിൽ യോസേഫിന്റെ അടുക്കൽ വന്നു.

 

42 ഈജിപ്റ്റിൽ ധാന്യം ഉണ്ടെന്ന് യാക്കോബ് അറിഞ്ഞപ്പോൾ തന്റെ പുത്രന്മാരോട്: “നിങ്ങൾ തമ്മിൽതമ്മിൽ നോക്കിനില്ക്കുന്നത് എന്ത്?ഈജിപ്റ്റിൽ ധാന്യം ഉണ്ടെന്ന് ഞാൻ കേട്ടിരിക്കുന്നു; നാം മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന് അവിടെ ചെന്ന് അവിടെനിന്നു നമുക്കു ധാന്യം വാങ്ങുവിൻ” എന്നു പറഞ്ഞു.യോസേഫിന്റെ സഹോദരന്മാർ പത്തുപേർ ഈജിപ്റ്റിൽ ധാന്യം വാങ്ങുവാൻ പോയി.എന്നാൽ യോസേഫിന്റെ അനുജനായ ബെന്യാമീന് “ഒരുപക്ഷേ വല്ല ആപത്തും സംഭവിക്കും” എന്നു പറഞ്ഞ് യാക്കോബ് അവനെ സഹോദരന്മാരോടുകൂടെ അയച്ചില്ല.അങ്ങനെ ധാന്യം വാങ്ങുവാൻ വന്നവരുടെ ഇടയിൽ യിസ്രായേലിന്റെ പുത്രന്മാരും വന്നു; കനാൻദേശത്തും ക്ഷാമം ഉണ്ടായിരുന്നുവല്ലോ.യോസേഫ് ദേശത്തിന് അധിപതിയായിരുന്നു; അവൻ തന്നെയായിരുന്നു ദേശത്തിലെ സകല ജനങ്ങൾക്കും ധാന്യം വിറ്റത്; യോസേഫിന്റെ സഹോദരന്മാരും വന്ന് അവനെ സാഷ്ടാംഗം നമസ്കരിച്ചു.യോസേഫ് തന്റെ സഹോദരന്മാരെ കണ്ടപ്പോൾ അവരെ അറിഞ്ഞ് എങ്കിലും അറിയാത്ത ഭാവം നടിച്ച് അവരോടു കഠിനമായി സംസാരിച്ചു: “നിങ്ങൾ എവിടെനിന്ന് വരുന്നു” എന്ന് അവരോടു ചോദിച്ചതിന്: “ആഹാരം വാങ്ങുവാൻ കനാൻദേശത്തുനിന്നു വരുന്നു” എന്ന് അവർ പറഞ്ഞു.യോസേഫ് സഹോദരന്മാരെ അറിഞ്ഞ് എങ്കിലും അവർ അവനെ അറിഞ്ഞില്ല.യോസേഫ് അവരെക്കുറിച്ചു കണ്ടിരുന്ന സ്വപ്നങ്ങൾ ഓർത്ത് അവരോട്: “നിങ്ങൾ ചാരന്മാരാകുന്നു; ദേശത്തിന്റെ ദുർബ്ബലഭാഗം നോക്കുവാൻ നിങ്ങൾ വന്നിരിക്കുന്നു” എന്ന് പറഞ്ഞു.10 അവർ അവനോട്: “അല്ല, യജമാനനേ, അടിയങ്ങൾ ആഹാരം വാങ്ങുവാൻ വന്നിരിക്കുന്നു;11 ഞങ്ങൾ എല്ലാവരും ഒരാളുടെ മക്കൾ; ഞങ്ങൾ സത്യസന്ധരാകുന്നു; അടിയങ്ങൾ ചാരന്മാരല്ല” എന്നു പറഞ്ഞു.12 അവൻ അവരോട്: “അല്ല, നിങ്ങൾ ദേശത്തിന്റെ ദുർബ്ബലഭാഗം നോക്കുവാൻ വന്നിരിക്കുന്നു” എന്നു പറഞ്ഞു.13 അതിന് അവർ: “അടിയങ്ങൾ കനാൻ ദേശത്തുള്ള ഒരാളുടെ മക്കൾ; പന്ത്രണ്ട് സഹോദരന്മാർ ആകുന്നു; ഇളയവൻ ഇന്ന് ഞങ്ങളുടെ അപ്പന്റെ അടുക്കൽ ഉണ്ട്; ഒരുവൻ ഇപ്പോൾ ഇല്ല” എന്നു പറഞ്ഞു.14 യോസേഫ് അവരോടു പറഞ്ഞത്: “ഞാൻ പറഞ്ഞതുപോലെ നിങ്ങൾ ചാരന്മാർ തന്നെ.15 ഇതിനാൽ ഞാൻ നിങ്ങളെ പരീക്ഷിക്കും; നിങ്ങളുടെ ഇളയസഹോദരൻ ഇവിടെ വന്നല്ലാതെ, ഫറവോനാണ, നിങ്ങൾ ഇവിടെനിന്ന് പുറപ്പെടുകയില്ല.16 നിങ്ങളുടെ സഹോദരനെ കൂട്ടിക്കൊണ്ടുവരുവാൻ നിങ്ങളിൽ ഒരുവനെ അയക്കുവിൻ; നിങ്ങളോ തടവുകാരായിരിക്കേണം; നിങ്ങൾ നേരുള്ളവരോ എന്നു നിങ്ങളുടെ വാക്കു പരീക്ഷിച്ചറിയാമല്ലോ; അല്ലെങ്കിൽ; ഫറവോനാണ, നിങ്ങൾ ചാരന്മാർ തന്നെ”.17 അങ്ങനെ അവൻ അവരെ മൂന്നുദിവസം തടവിൽ ആക്കി.18 മൂന്നാംദിവസം യോസേഫ് അവരോടു പറഞ്ഞത്: “ഞാൻ ദൈവത്തെ ഭയപ്പെടുന്നു; നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന് ഇതു ചെയ്യുവിൻ:19 നിങ്ങൾ സത്യസന്ധരെങ്കിൽ നിങ്ങളുടെ ഒരു സഹോദരൻ തടവിൽ കിടക്കട്ടെ; നിങ്ങൾ നിങ്ങളുടെ വീടുകളിലെ ബുദ്ധിമുട്ടിനു ധാന്യം കൊണ്ടുപോകുവിൻ.20 എന്നാൽ നിങ്ങളുടെ ഇളയസഹോദരനെ എന്റെ അടുക്കൽ കൊണ്ടുവരണം; അതിനാൽ നിങ്ങളുടെ വാക്ക് സത്യം എന്നു തെളിയും; നിങ്ങൾ മരിക്കേണ്ടിവരികയില്ല” അവർ അങ്ങനെ സമ്മതിച്ചു21 “അതേ, ഇത് നാം നമ്മുടെ സഹോദരനോട് ചെയ്ത ദ്രോഹത്തിന്റെ അനന്തര ഫലമാകുന്നു. അവൻ നമ്മോടു കെഞ്ചിയപ്പോൾ നാം അവന്റെ പ്രാണസങ്കടം കണ്ടിട്ടും അവന്റെ അപേക്ഷ കേട്ടില്ലല്ലോ; അതുകൊണ്ട് ഈ സങ്കടം നമുക്കു വന്നിരിക്കുന്നു” എന്ന് അവർ തമ്മിൽ പറഞ്ഞു.22 അതിന് രൂബേൻ: “ബാലനോടു ദോഷം ചെയ്യരുതെന്നു ഞാൻ നിങ്ങളോടു പറഞ്ഞില്ലയോ? എന്നിട്ടും നിങ്ങൾ കേട്ടില്ല; ഇപ്പോൾ ഇതാ, അവന്റെ രക്തം നമ്മോടു ചോദിക്കുന്നു” എന്ന് അവരോടു പറഞ്ഞു.23 യോസേഫ് അവരോടു സംസാരിച്ചത് പരിഭാഷകൻമുഖാന്തരം ആയിരുന്നതുകൊണ്ട് അവൻ ഇതു മനസ്സിലാക്കി എന്ന് അവർ അറിഞ്ഞില്ല.24 യോസേഫ് അവരെ വിട്ടു മാറിപ്പോയി കരഞ്ഞു; പിന്നെ അവരുടെ അടുക്കൽവന്ന് അവരോടു സംസാരിച്ച് അവരുടെ കൂട്ടത്തിൽ നിന്നു ശിമെയോനെ പിടിച്ച് അവർ കാൺകെ ബന്ധിച്ചു.25 അവരുടെ ചാക്കിൽ ധാന്യം നിറയ്ക്കുവാനും അവരുടെ പണം അവനവന്റെ ചാക്കിൽ തിരികെ വയ്ക്കുവാനും വഴിയാത്രയിൽ ആവശ്യമായ ആഹാരം അവർക്ക് കൊടുക്കുവാനും യോസേഫ് കല്പിച്ചു; അങ്ങനെ തന്നെ അവർക്ക് ചെയ്തുകൊടുത്തു.26 അവർ ധാന്യം കഴുതപ്പുറത്ത് കയറ്റി അവിടെനിന്നു പുറപ്പെട്ടു.27 വഴിയമ്പലത്തിൽവച്ച് അവരിൽ ഒരുവൻ കഴുതയ്ക്കു തീറ്റ കൊടുക്കുവാൻ ചാക്ക് അഴിച്ചപ്പോൾ തന്റെ പണം ചാക്കിന്റെ വായ്ക്കൽ ഇരിക്കുന്നത് കണ്ട്,28 തന്റെ സഹോദരന്മാരോട്: “എന്റെ പണം എനിക്ക് തിരികെ കിട്ടി അത് ഇതാ, എന്റെ ചാക്കിൽ ഇരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ അവരുടെ ഉള്ളം തളർന്നു, അവർ വിറച്ചു: “ദൈവം നമ്മോട് ഈ ചെയ്തത് എന്ത്” എന്ന് തമ്മിൽതമ്മിൽ പറഞ്ഞു.29 അവർ കനാൻദേശത്തു തങ്ങളുടെ അപ്പനായ യാക്കോബിന്റെ അടുക്കൽ എത്തിയപ്പോൾ, തങ്ങൾക്കു സംഭവിച്ചത് ആദ്യന്തം അവനോട് അറിയിച്ചു പറഞ്ഞത്:30 “ദേശത്തിലെ അധിപതിയായവൻ ഞങ്ങൾ ദേശത്തെ ചാരന്മാർ എന്നു വിചാരിച്ചു ഞങ്ങളോടു കഠിനമായി സംസാരിച്ചു.31 ഞങ്ങൾ അവനോട്: ‘ഞങ്ങൾ സത്യസന്ധരാകുന്നു, ഞങ്ങൾ ചാരന്മാരല്ല.32 ഞങ്ങൾ ഒരു അപ്പന്റെ മക്കൾ; പന്ത്രണ്ട് സഹോദരന്മാരാകുന്നു; ഒരുവൻ ഇപ്പോൾ ഇല്ല; ഇളയവൻ കനാൻദേശത്ത് ഞങ്ങളുടെ അപ്പന്റെ അടുക്കൽ ഉണ്ട് എന്നു പറഞ്ഞു.33 അതിന് ദേശത്തിലെ അധിപതിയായവൻ ഞങ്ങളോടു പറഞ്ഞത്: ‘നിങ്ങൾ സത്യസന്ധർ എന്നു ഞാൻ ഇതിനാൽ അറിയും: നിങ്ങളുടെ ഒരു സഹോദരനെ എന്റെ അടുക്കൽ വിട്ടിട്ടു നിങ്ങളുടെ വീടുകളിലെ ബുദ്ധിമുട്ടിനു ധാന്യം വാങ്ങി കൊണ്ടുപോകുവിൻ.34 നിങ്ങളുടെ ഇളയസഹോദരനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ; അതിനാൽ നിങ്ങൾ ചാരന്മാരല്ല, സത്യസന്ധർ തന്നെ എന്നു ഞാൻ അറിയും; നിങ്ങളുടെ സഹോദരനെ നിങ്ങൾക്ക് ഏല്പിച്ചുതരും; നിങ്ങൾക്ക് ദേശത്തു വ്യാപാരവും ചെയ്യാം.35 പിന്നെ അവർ ചാക്ക് ഒഴിക്കുമ്പോൾ ഇതാ, ഓരോരുത്തന്റെ ചാക്കിൽ അവനവന്റെ പണക്കെട്ട് ഇരിക്കുന്നു; അവരും അവരുടെ അപ്പനും പണക്കെട്ട് കണ്ടപ്പോൾ ഭയപ്പെട്ടുപോയി.36 അവരുടെ അപ്പനായ യാക്കോബ് അവരോട്: “നിങ്ങൾ എന്നെ മക്കളില്ലാത്തവനാക്കുന്നു; യോസേഫ് ഇല്ല, ശിമെയോൻ ഇല്ല; ബെന്യാമീനെയും നിങ്ങൾ കൊണ്ടുപോകും; സകലവും എനിക്ക് പ്രതികൂലം തന്നെ” എന്നു പറഞ്ഞു.37 അതിന് രൂബേൻ അപ്പനോട്: “എന്റെ കയ്യിൽ അവനെ ഏല്പിക്കുക; ഞാൻ അവനെ നിന്റെ അടുക്കൽ മടക്കി കൊണ്ടുവരും; ഞാൻ അവനെ നിന്റെ അടുക്കൽ കൊണ്ടുവരാത്തപക്ഷം എന്റെ രണ്ടു പുത്രന്മാരെ കൊന്നുകളക” എന്നു പറഞ്ഞു.38 എന്നാൽ അവൻ: “എന്റെ മകൻ നിങ്ങളോടുകൂടെ വരികയില്ല; അവന്റെ ജ്യേഷ്ഠൻ മരിച്ചുപോയി, അവൻ ഒരുവനേ ശേഷിപ്പുള്ളു; നിങ്ങൾ പോകുന്ന വഴിയിൽ അവന് വല്ല ആപത്തും സംഭവിച്ചേക്കാം. വൃദ്ധനായ എനിക്ക് നിങ്ങൾ വരുത്തുന്ന ദുഃഖം മരണത്തിലേക്ക് എത്തിക്കുമാറാക്കും എന്നു പറഞ്ഞു.

 

43 എന്നാൽ ക്ഷാമം കനാനില്‍ കഠിനമായി തീർന്നു.അവർ ഈജിപ്റ്റിൽനിന്നു കൊണ്ടുവന്ന ധാന്യം ഭക്ഷിച്ചു തീർന്നപ്പോൾ അവരുടെ അപ്പൻ അവരോട്: “നിങ്ങൾ ഇനിയും പോയി കുറെ ആഹാരംകൂടി വാങ്ങുവിൻ” എന്നു പറഞ്ഞു.അതിന് യെഹൂദാ അപ്പനോട് പറഞ്ഞത് ‘നിങ്ങളുടെ സഹോദരൻ നിങ്ങളോടുകൂടെ ഇല്ലാതിരുന്നാൽ നിങ്ങൾ എന്റെ മുഖം കാണുകയില്ല’ എന്ന് അദ്ദേഹം തീർച്ചയായി ഞങ്ങളോടു പറഞ്ഞിരിക്കുന്നു.അപ്പൻ ഞങ്ങളുടെ സഹോദരനെ ഞങ്ങളുടെകൂടെ അയച്ചാൽ ഞങ്ങൾ ചെന്ന് ആഹാരം വാങ്ങി കൊണ്ടുവരാം;അയക്കാതിരുന്നാലോ ഞങ്ങൾ പോകയില്ല. ‘നിങ്ങളുടെ സഹോദരൻ നിങ്ങളോടുകൂടെ ഇല്ല എങ്കിൽ നിങ്ങൾ എന്റെ മുഖം കാണുകയില്ല’ എന്ന് അദ്ദേഹം ഞങ്ങളോടു പറഞ്ഞിരിക്കുന്നു”.“നിങ്ങൾക്ക് ഇനിയും ഒരു സഹോദരൻ ഉണ്ടെന്ന് നിങ്ങൾ അദ്ദേഹത്തോടു പറഞ്ഞ് എനിക്ക് ഈ ദോഷം വരുത്തിയത് എന്തിന്?” എന്നു യിസ്രായേൽ പറഞ്ഞു.അതിന് അവർ “‘നിങ്ങളുടെ അപ്പൻ ജീവിച്ചിരിക്കുന്നുവോ? നിങ്ങൾക്ക് ഇനിയും ഒരു സഹോദരൻ ഉണ്ടോ?’ എന്നിങ്ങനെ അദ്ദേഹം ഞങ്ങളെയും നമ്മുടെ കുടുംബത്തെയുംകുറിച്ചു താല്പര്യമായി ചോദിച്ചതുകൊണ്ട് ഞങ്ങൾ ഇതെല്ലാം അറിയിക്കേണ്ടിവന്നു; ‘നിങ്ങളുടെ സഹോദരനെ ഇവിടെ കൂട്ടിക്കൊണ്ടുവരുവിൻ’ എന്ന് അദ്ദേഹം പറയുമെന്നു ഞങ്ങൾ അറിഞ്ഞിരുന്നുവോ” എന്നു പറഞ്ഞു.പിന്നെ യെഹൂദാ തന്റെ അപ്പനായ യിസ്രായേലിനോടു പറഞ്ഞത് “ഞങ്ങളും അപ്പനും ഞങ്ങളുടെ കുഞ്ഞുകുട്ടികളും മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന് ബാലനെ എന്നോടുകൂടെ അയയ്ക്കേണം; എന്നാൽ ഞങ്ങൾ പോകാം.ഞാൻ അവന് വേണ്ടി ഉത്തരവാദിയായിരിക്കാം; നീ അവനെ എന്റെ കൈയിൽനിന്നു ചോദിക്കേണം; ഞാൻ അവനെ അപ്പന്റെ അടുക്കൽ കൊണ്ടുവന്ന് അപ്പന്റെ മുമ്പിൽ നിർത്തുന്നില്ലെങ്കിൽ ഞാൻ സദാകാലം നിനക്ക് കുറ്റക്കാരനായിക്കൊള്ളാം.10 ഞങ്ങൾ താമസിക്കാതിരുന്നെങ്കിൽ ഇപ്പോൾ രണ്ടുപ്രാവശ്യം പോയിവരുമായിരുന്നു”.11 അപ്പോൾ അവരുടെ അപ്പനായ യിസ്രായേൽ അവരോടു പറഞ്ഞത്: “അങ്ങനെയെങ്കിൽ ഇതു ചെയ്യുവിൻ: നിങ്ങളുടെ പാത്രങ്ങളിൽ കുറെ സുഗന്ധപ്പശ, കുറെ തേൻ, സാമ്പ്രാണി, സന്നിനായകം, ബോടനണ്ടി, ബദാമണ്ടി എന്നിങ്ങനെ ദേശത്തിലെ വിശേഷവസ്തുക്കളിൽ ചിലതൊക്കെയും കൊണ്ടുപോയി അദ്ദേഹത്തിനു കാഴ്ചവയ്ക്കുവിൻ.12 ഇരട്ടിപണവും കയ്യിൽ എടുത്തുകൊള്ളുവിൻ; നിങ്ങളുടെ ചാക്കിന്റെ വായ്ക്കൽ മടങ്ങിവന്ന പണവും കയ്യിൽ തിരികെ കൊണ്ടുപോകുവിൻ; ഒരുപക്ഷേ അത് നോട്ടപ്പിശകായിരിക്കാം.13 നിങ്ങളുടെ സഹോദരനെയും കൂട്ടി പുറപ്പെട്ട് അദ്ദേഹത്തിന്റെ അടുക്കൽ വീണ്ടും ചെല്ലുവിൻ.14 അവൻ നിങ്ങളുടെ മറ്റെ സഹോദരനെയും ബെന്യാമീനെയും നിങ്ങളോടുകൂടി അയക്കേണ്ടതിന് സർവ്വശക്തിയുള്ള ദൈവം അവനു നിങ്ങളോടു കരുണ തോന്നിക്കട്ടെ; എന്നാൽ ഞാൻ മക്കളില്ലാത്തവനാകണമെങ്കിൽ ആകട്ടെ”.15 അങ്ങനെ അവർ ആ കാഴ്ചയും ഇരട്ടിപണവും എടുത്തു ബെന്യാമീനെയും കൂട്ടി പുറപ്പെട്ടു ഈജിപ്റ്റിൽ ചെന്നു യോസേഫിന്റെ മുമ്പിൽനിന്നു.16 അവരോടുകൂടി ബെന്യാമീനെ കണ്ടപ്പോൾ യോസേഫ് തന്റെ ഗൃഹവിചാരകനോട്: “നീ ഈ പുരുഷന്മാരെ വീട്ടിൽ കൂട്ടിക്കൊണ്ട് പോകുക; അവർ ഉച്ചയ്ക്ക് എന്നോടുകൂടി ഭക്ഷണം കഴിക്കേണ്ടതാകയാൽ മൃഗത്തെ അറുത്ത് ഒരുക്കിക്കൊള്ളുക” എന്നു കല്പിച്ചു.17 യോസേഫ് കല്പിച്ചതുപോലെ അവൻ ചെയ്തു; അവരെ യോസേഫിന്റെ വീട്ടിൽ കൂട്ടിക്കൊണ്ട് പോയി.18 തങ്ങളെ യോസേഫിന്റെ വീട്ടിൽ കൊണ്ടുപോകുകയാൽ അവർ ഭയപ്പെട്ടു: “ആദ്യത്തെ പ്രാവശ്യം നമ്മുടെ ചാക്കിൽ മടങ്ങിവന്ന പണം നിമിത്തം നമ്മെ പിടിച്ച് അടിമകളാക്കി നമ്മുടെ കഴുതകളെയും എടുത്തുകൊള്ളേണ്ടതിനാകുന്നു നമ്മെ കൊണ്ടുവന്നിരിക്കുന്നത് എന്നു പറഞ്ഞു.19 അവർ യോസേഫിന്റെ ഗൃഹവിചാരകന്റെ അടുക്കൽ ചെന്ന്, വീട്ടുവാതിൽക്കൽവച്ച് അവനോട് സംസാരിച്ചു:20 “യജമാനനേ, ആഹാരം വാങ്ങുവാൻ ഞങ്ങൾ മുമ്പെ വന്നിരുന്നു.21 ഞങ്ങൾ വഴിയമ്പലത്തിൽ ചെന്നു ചാക്ക് അഴിച്ചപ്പോൾ ഓരോരുത്തന്റെ പണം മുഴുവനും അവനവന്റെ ചാക്കിന്റെ വായ്ക്കൽ ഉണ്ടായിരുന്നു; അത് ഞങ്ങൾ വീണ്ടും കൊണ്ടുവന്നിരിക്കുന്നു.22 ആഹാരം വാങ്ങുവാൻ വേറെ പണവും ഞങ്ങൾ കൊണ്ടുവന്നിട്ടുണ്ട്; പണം ഞങ്ങളുടെ ചാക്കിൽ വച്ചത് ആരെന്ന് ഞങ്ങൾക്ക് അറിഞ്ഞുകൂടാ” എന്നു പറഞ്ഞു.23 അതിന് അവൻ: “നിങ്ങൾക്ക് സമാധാനം; നിങ്ങൾ ഭയപ്പെടേണ്ടാ; നിങ്ങളുടെ ദൈവം, നിങ്ങളുടെ അപ്പന്റെ ദൈവം തന്നെ, നിങ്ങളുടെ ചാക്കിൽ നിങ്ങൾക്ക് നിക്ഷേപം തന്നിരിക്കുന്നു; നിങ്ങളുടെ പണം എനിക്ക് കിട്ടി” എന്നു പറഞ്ഞ്, ശിമെയോനെയും അവരുടെ അടുക്കൽ പുറത്തു കൊണ്ടുവന്നു.24 പിന്നെ അവൻ അവരെ യോസേഫിന്റെ വീടിനകത്തു കൊണ്ടുപോയി; അവർക്ക് വെള്ളം കൊടുത്തു, അവർ കാൽ കഴുകി; അവരുടെ കഴുതകൾക്ക് അവൻ തീറ്റ കൊടുത്തു.25 ഉച്ചയ്ക്കു യോസേഫ് വരുമ്പോഴേക്ക് അവർ കാഴ്ച വസ്തുക്കൾ ഒരുക്കിവച്ചു; തങ്ങൾക്കു ഭക്ഷണം അവിടെ ആകുന്നു എന്ന് അവർ കേട്ടിരുന്നു.26 യോസേഫ് വീട്ടിൽ വന്നപ്പോൾ അവർ കൈവശമുള്ള കാഴ്ച വസ്തുക്കൾ അകത്തുകൊണ്ടുചെന്ന് അവന്റെ മുമ്പാകെവച്ച് അവനെ സാഷ്ടാംഗം നമസ്കരിച്ചു.27 അവൻ അവരോടു ക്ഷേമാന്വേഷണം നടത്തി: “നിങ്ങൾ പറഞ്ഞ വൃദ്ധൻ, നിങ്ങളുടെ അപ്പൻ സൗഖ്യമായിരിക്കുന്നുവോ? അവൻ ജീവനോടിരിക്കുന്നുവോ” എന്നു ചോദിച്ചു.28 അതിന് അവർ: “ഞങ്ങളുടെ അപ്പനായ അങ്ങയുടെ അടിയാനു സുഖം തന്നെ; അവൻ ജീവനോടിരിക്കുന്നു” എന്ന് ഉത്തരം പറഞ്ഞു കുനിഞ്ഞു നമസ്കരിച്ചു.29 പിന്നെ യോസേഫ് തല ഉയർത്തി, തന്റെ അമ്മയുടെ മകനും തന്റെ അനുജനുമായ ബെന്യാമീനെ കണ്ടു: “നിങ്ങൾ എന്നോട് പറഞ്ഞ നിങ്ങളുടെ ഇളയസഹോദരനോ ഇവൻ” എന്നു ചോദിച്ചു: “ദൈവം നിനക്ക് കൃപ നല്കട്ടെ മകനേ” എന്നു പറഞ്ഞു.30 അനുജനെ കണ്ടിട്ട് യോസേഫിന്റെ മനസ്സ് ഉരുകിയതുകൊണ്ട് അവൻ കരയേണ്ടതിനു ബദ്ധപ്പെട്ടു സ്ഥലം അന്വേഷിച്ച്, സ്വകാര്യമുറിയിൽചെന്ന് അവിടെവച്ചു കരഞ്ഞു.31 പിന്നെ അവൻ മുഖം കഴുകി പുറത്തു വന്നു സ്വയം നിയന്ത്രിച്ച്: “ഭക്ഷണം കൊണ്ടുവരുവിൻ” എന്നു കല്പിച്ചു.32 അവർ യോസേഫിന് പ്രത്യേകവും സഹോദരന്മാർക്കു പ്രത്യേകവും, അവനോടുകൂടെ ഭക്ഷിക്കുന്ന ഈജിപ്റ്റുകാർക്കു പ്രത്യേകവും കൊണ്ടുവന്നുവച്ചു; ഈജിപ്റ്റുകാർ എബ്രായരോടുകൂടെ ഭക്ഷണം കഴിക്കയില്ല; അത് ഈജിപ്റ്റുകാർക്കു വെറുപ്പാകുന്നു.33 മൂത്തവൻ മുതൽ ഇളയവൻ വരെ പ്രായത്തിനൊത്തവണ്ണം അവരെ അവന്റെ മുമ്പാകെ ഇരുത്തി; അവർ അന്യോന്യം നോക്കി ആശ്ചര്യപ്പെട്ടു.34 അവൻ തന്റെ മുമ്പിൽനിന്ന് അവർക്ക് ഓഹരികൊടുത്തയച്ചു; ബെന്യാമീന്റെ ഓഹരി മറ്റവരുടെ ഓഹരിയുടെ അഞ്ചിരട്ടിയായിരുന്നു; അവർ പാനംചെയ്ത് അവനോടുകൂടെ ആഹ്ളാദിച്ചു.

 

44 അനന്തരം അവൻ തന്റെ ഗൃഹവിചാരകനോട്: “നീ ഇവരുടെ ചാക്കിൽ അവർക്ക് എടുക്കാവുന്നിടത്തോളം ധാന്യം നിറച്ച്, ഓരോരുത്തന്റെ പണം അവനവന്റെ ചാക്കിന്റെ വായ്ക്കൽ വെക്കുക.ഇളയവന്റെ ചാക്കിന്റെ വായ്ക്കൽ വെള്ളികൊണ്ടുള്ള എന്റെ പാനപാത്രവും അവന്റെ ധാന്യവിലയും വെക്കുക” എന്നു കല്പിച്ചു; യോസേഫ് കല്പിച്ചതുപോലെ അവൻ ചെയ്തു.നേരം വെളുത്തപ്പോൾ അവരുടെ കഴുതകളുമായി അവരെ യാത്ര അയച്ചു.അവർ പട്ടണത്തിൽനിന്നു പുറപ്പെട്ടു ദൂരെ എത്തുംമുമ്പെ, യോസേഫ് തന്റെ ഗൃഹവിചാരകനോടു: “എഴുന്നേറ്റു ആ പുരുഷന്മാരുടെ പിന്നാലെ ഓടിച്ചെല്ലുക; ഒപ്പം എത്തുമ്പോൾ അവരോടു: ‘നിങ്ങൾ നന്മയ്ക്കു പകരം തിന്മ ചെയ്തത് എന്ത്?നിങ്ങൾ എന്റെ യജമാനന്റെ വെള്ളിപാത്രം മോഷ്ടിച്ചത് എന്തിന്? അതിലല്ലയോ എന്റെ യജമാനൻ കുടിക്കുന്നത്? അതിനാലല്ലയോ ലക്ഷണം നോക്കുന്നത് ? നിങ്ങൾ ഈ ചെയ്തത് ഒട്ടും നന്നല്ല’ എന്നു പറയുക” എന്നു കല്പിച്ചു.അവൻ അവരുടെ അടുക്കൽ എത്തിയപ്പോൾ ഈ വാക്കുകൾ അവരോടു പറഞ്ഞു.അവർ അവനോട് പറഞ്ഞത്: “യജമാനൻ ഇങ്ങനെ പറയുന്നത് എന്ത്? ഈ വക കാര്യം അടിയങ്ങൾ ഒരുനാളും ചെയ്യുകയില്ല.ഞങ്ങളുടെ ചാക്കിന്റെ വായ്ക്കൽ കണ്ട പണം ഞങ്ങൾ കനാൻദേശത്തുനിന്ന് അങ്ങയുടെ അടുക്കൽ വീണ്ടും കൊണ്ടുവന്നുവല്ലോ; പിന്നെ ഞങ്ങൾ അങ്ങയുടെ യജമാനന്റെ വീട്ടിൽനിന്ന് വെള്ളിയും പൊന്നും മോഷ്ടിക്കുമോ?അടിയങ്ങളിൽ ആരുടെ എങ്കിലും കൈവശം അത് കണ്ടാൽ അവൻ മരിക്കട്ടെ; ഞങ്ങളും യജമാനന് അടിമകളായിക്കൊള്ളാം”.10 അതിന് അവൻ: “നിങ്ങൾ പറഞ്ഞതുപോലെ ആകട്ടെ; അത് ആരുടെ കൈവശം കാണുന്നുവോ അവൻ എനിക്ക് അടിമയാകും; നിങ്ങളോ കുറ്റമില്ലാത്തവരായിരിക്കും”.11 അവർ വേഗത്തിൽ ചാക്ക് നിലത്തിറക്കി: ഓരോരുത്തൻ താന്താന്റെ ചാക്ക് അഴിച്ചു.12 അവൻ മൂത്തവന്റെ ചാക്കുതുടങ്ങി ഇളയവന്റേതുവരെ പരിശോധിച്ചു. ബെന്യാമീന്റെ ചാക്കിൽ പാനപാത്രം കണ്ടുപിടിച്ചു.13 അപ്പോൾ അവർ വസ്ത്രം കീറി, ചുമട് കഴുതപ്പുറത്തു കയറ്റി പട്ടണത്തിലേക്ക് മടങ്ങിച്ചെന്നു.14 യെഹൂദയും അവന്റെ സഹോദരന്മാരും യോസേഫിന്റെ വീട്ടിൽ ചെന്നു; അവൻ അതുവരെയും അവിടെത്തന്നെ ആയിരുന്നു; അവർ അവന്റെ മുമ്പാകെ സാഷ്ടാംഗം വീണു.15 യോസേഫ് അവരോട്: “നിങ്ങൾ ഈ ചെയ്ത പ്രവൃത്തി എന്ത്? എന്നെപ്പോലെയുള്ള ഒരുത്തനു ഭാവി പ്രവചിക്കുവാൻ അറിയാമെന്നു നിങ്ങൾ അറിഞ്ഞിട്ടില്ലയോ” എന്നു ചോദിച്ചു.16 അതിന് യെഹൂദാ: “യജമാനനോടു ഞങ്ങൾ എന്ത് പറയേണ്ടു? എന്ത് ബോധിപ്പിക്കേണ്ടു? എങ്ങനെ ഞങ്ങളെത്തന്നെ നീതീകരിക്കേണ്ടു? ദൈവം അടിയങ്ങളുടെ അകൃത്യം കണ്ടെത്തി; ഇതാ ഞങ്ങൾ യജമാനന് അടിമകൾ; ഞങ്ങളും ആരുടെ കയ്യിൽ പാത്രം കണ്ടുവോ അവനും തന്നെ” എന്നു പറഞ്ഞു.17 അതിന് യോസേഫ്: “അങ്ങനെ ഞാൻ ഒരുനാളും ചെയ്യുകയില്ല; ആരുടെ കൈവശം പാത്രം കണ്ടുവോ അവൻ തന്നെ എനിക്ക് അടിമയായിരിക്കും; നിങ്ങളോ സമാധാനത്തോടെ നിങ്ങളുടെ അപ്പന്റെ അടുക്കൽ പൊയ്ക്കൊള്ളുവിൻ” എന്നു പറഞ്ഞു.18 അപ്പോൾ യെഹൂദാ അടുത്തുചെന്നു പറഞ്ഞത്: “യജമാനനേ, അടിയൻ യജമാനനോട് ഒന്ന് ബോധിപ്പിച്ചുകൊള്ളട്ടേ; അടിയന്റെ നേരെ കോപം ജ്വലിക്കരുതേ;19 യജമാനൻ ഫറവോനെപ്പോലെയല്ലോ; ‘നിങ്ങൾക്ക് അപ്പനോ സഹോദരനോ ഉണ്ടോ?’ എന്നു യജമാനൻ അടിയങ്ങളോടു ചോദിച്ചു.20 അതിന് ഞങ്ങൾ യജമാനനോട്: ‘ഞങ്ങൾക്കു വൃദ്ധനായ ഒരു അപ്പനും അവന് വാർദ്ധക്യത്തിൽ ജനിച്ച ഒരു മകനും ഉണ്ട്; അവന്റെ ജ്യേഷ്ഠൻ മരിച്ചുപോയി; അവന്റെ അമ്മ പ്രസവിച്ചിട്ട് അവൻ ഒരുവനെ ശേഷിപ്പുള്ളു; അവൻ അപ്പന്റെ വത്സല പുത്രൻ ആകുന്നു എന്നു പറഞ്ഞു.21 അപ്പോൾ യജമാനൻ അടിയങ്ങളോട്: ‘എനിക്ക് കാണേണ്ടതിന് അവനെ എന്റെ അടുക്കൽ കൂട്ടിക്കൊണ്ടുവരുവിൻ’ എന്നു കല്പിച്ചുവല്ലോ.22 ഞങ്ങൾ യജമാനനോട്: ‘ബാലന് അപ്പനെ പിരിഞ്ഞുകൂടാ; പിരിഞ്ഞാൽ അപ്പൻ മരിച്ചുപോകും’ എന്നു പറഞ്ഞു.23 അതിന് യജമാനൻ അടിയങ്ങളോട്: ‘നിങ്ങളുടെ ഇളയസഹോദരൻ നിങ്ങളോടുകൂടെ വരാതിരുന്നാൽ നിങ്ങൾ എന്റെ മുഖം ഇനി കാണുകയില്ല’ എന്നു കല്പിച്ചു.24 അവിടത്തെ അടിയാനായ അപ്പന്റെ അടുക്കൽ ഞങ്ങൾ ചെന്ന് യജമാനന്റെ വാക്കുകളെ അറിയിച്ചു.25 അനന്തരം ഞങ്ങളുടെ അപ്പൻ: ‘നിങ്ങൾ ഇനിയും പോയി നമുക്കു കുറെ ധാന്യം വാങ്ങുവിൻ’ എന്നു പറഞ്ഞു.26 അതിന് ഞങ്ങൾ: ‘ഞങ്ങൾക്കു പൊയ്ക്കൂടാ; അനുജൻ കൂടെ ഉണ്ടെങ്കിൽ ഞങ്ങൾ പോകാം; അനുജൻ ഇല്ലാതെ ഞങ്ങൾക്ക് അദ്ദേഹത്തിന്റെ മുഖം കാണുവാൻ സാദ്ധ്യമല്ല’ എന്നു പറഞ്ഞു.27 അപ്പോൾ അവിടത്തെ അടിയാനായ അപ്പൻ ഞങ്ങളോടു പറഞ്ഞത്: ‘എന്റെ ഭാര്യ റാഹേൽ എനിക്ക് രണ്ടു പുത്രന്മാരെ പ്രസവിച്ചു എന്നു നിങ്ങൾക്ക് അറിയാമല്ലോ.28 അവരിൽ ഒരുത്തൻ എന്റെ അടുക്കൽനിന്ന് പോയി; അവനെ വന്യമൃഗങ്ങൾ പറിച്ചു കീറിപ്പോയി നിശ്ചയം എന്നു ഞാൻ ഉറച്ചു; ഇതുവരെ ഞാൻ അവനെ കണ്ടിട്ടുമില്ല.29 നിങ്ങൾ ഇവനെയും കൊണ്ടുപോയിട്ട് അവനു വല്ല ആപത്തും വന്നാൽ തലനരച്ച എന്നെ നിങ്ങൾ ദുഃഖത്തോടെ പാതാളത്തിൽ ഇറങ്ങുമാറാക്കും.30 അതുകൊണ്ട് ഇപ്പോൾ ബാലൻ കൂടെയില്ലാതെ ഞാൻ അവിടത്തെ അടിയാനായ അപ്പന്റെ അടുക്കൽ ചെല്ലുമ്പോൾ, അപ്പന്റെ പ്രാണൻ ബാലന്റെ പ്രാണനോടു പറ്റിയിരിക്കുകകൊണ്ട്,31 ബാലൻ ഇല്ലെന്നു കണ്ടാൽ അവൻ മരിച്ചുപോകും; അങ്ങനെ അടിയങ്ങൾ അവിടത്തെ അടിയാനായ തലനരച്ച അപ്പനെ ദുഃഖത്തോടെ പാതാളത്തിൽ ഇറങ്ങുമാറാക്കും.32 അടിയൻ അപ്പനോട്: ‘അവനെ നിന്റെ അടുക്കൽ കൊണ്ടുവരാതിരുന്നാൽ ഞാൻ എന്നും അപ്പനു കുറ്റക്കാരനായിക്കൊള്ളാം’ എന്നു പറഞ്ഞു, അപ്പനോട് ബാലനുവേണ്ടി ഉത്തരവാദിയായിരിക്കുന്നു.33 ആകയാൽ ബാലനു പകരം അടിയൻ യജമാനന് അടിമയായിരിക്കുവാനും ബാലൻ സഹോദരന്മാരോടുകൂടെ പൊയ്ക്കൊൾവാനും അനുവദിക്കണമേ.34 ബാലൻ കൂടെ ഇല്ലാതെ ഞാൻ എങ്ങനെ അപ്പന്റെ അടുക്കൽ പോകും? അപ്പനു ഭവിക്കുന്ന ദോഷം ഞാൻ കാണേണ്ടിവരുമല്ലോ”

 

45 അപ്പോൾ ചുറ്റും നില്‍ക്കുന്നവരുടെ മുമ്പിൽ സ്വയം നിയന്ത്രിക്കുവാൻ കഴിയാതെ: “എല്ലാവരും എന്റെ അടുക്കൽനിന്ന് പുറത്ത്പോകുവിൻ” എന്നു യോസേഫ് വിളിച്ചുപറഞ്ഞു. ഇങ്ങനെ യോസേഫ് തന്റെ സഹോദരന്മാർക്കു തന്നെ വെളിപ്പെടുത്തിയപ്പോൾ വേറെ ആരും അവന്റെ അടുക്കൽ ഉണ്ടായിരുന്നില്ല.അവൻ ഉച്ചത്തിൽ കരഞ്ഞു; ഈജിപ്റ്റുകാരും ഫറവോന്റെ കുടുംബവും അത് കേട്ടു.യോസേഫ് സഹോദരന്മാരോട്: “ഞാൻ യോസേഫ് ആകുന്നു; എന്റെ അപ്പൻ ജീവനോടിരിക്കുന്നുവോ” എന്നു പറഞ്ഞു. അവന്റെ സഹോദരന്മാർ അവന്റെ സന്നിധിയിൽ ഭ്രമിച്ചുപോയതുകൊണ്ട് അവനോട് ഉത്തരം പറയുവാൻ അവർക്ക് കഴിഞ്ഞില്ല.യോസേഫ് സഹോദരന്മാരോട്: “ഇങ്ങോട്ട് അടുത്തുവരുവിൻ” എന്നു പറഞ്ഞു; അവർ അടുത്തുചെന്നപ്പോൾ അവൻ പറഞ്ഞത്; “നിങ്ങൾ ഈജിപ്റ്റിലേക്കു വിറ്റുകളഞ്ഞ നിങ്ങളുടെ സഹോദരൻ യോസേഫ് ആകുന്നു ഞാൻ.എന്നെ ഇവിടെ വിറ്റതുകൊണ്ടു നിങ്ങൾ വ്യസനിക്കണ്ടാ, വിഷാദിക്കുകയും വേണ്ടാ; ജീവരക്ഷയ്ക്കായി ദൈവം എന്നെ നിങ്ങൾക്ക് മുമ്പെ അയച്ചതാകുന്നു.ദേശത്തു ക്ഷാമം ഉണ്ടായിട്ട് ഇപ്പോൾ രണ്ടു വർഷമായി; ഉഴവും കൊയ്ത്തും ഇല്ലാത്ത അഞ്ച് വർഷം ഇനിയും ഉണ്ട്.ഭൂമിയിൽ നിങ്ങൾക്ക് സന്തതി ശേഷിക്കേണ്ടതിനും വലിയോരു രക്ഷയാൽ നിങ്ങളുടെ ജീവനെ രക്ഷിക്കേണ്ടതിനും ദൈവം എന്നെ നിങ്ങൾക്ക് മുമ്പെ അയച്ചിരിക്കുന്നു.ആകയാൽ നിങ്ങൾ അല്ല, ദൈവം അത്രേ എന്നെ ഇവിടെ അയച്ചത്; അവിടുന്ന് എന്നെ ഫറവോനു പിതാവും അവന്റെ കുടുംബത്തിനൊക്കെയും യജമാനനും ഈജിപ്റ്റുദേശത്തിനൊക്കെയും ഉയർന്ന ഉദ്യോഗസ്ഥനും ആക്കിയിരിക്കുന്നു.നിങ്ങൾ ബദ്ധപ്പെട്ട് എന്റെ അപ്പന്റെ അടുക്കൽ ചെന്ന് അപ്പനോട് പറയേണ്ടത് എന്തെന്നാൽ: ‘അങ്ങയുടെ മകനായ യോസേഫ് ഇപ്രകാരം പറയുന്നു: ദൈവം എന്നെ ഈജിപ്റ്റിനൊക്കെയും അധിപതിയാക്കിയിരിക്കുന്നു; അങ്ങ് താമസിക്കാതെ എന്റെ അടുക്കൽ വരേണം.10 അങ്ങേക്ക് ഗോശെൻദേശത്തു പാർക്കാം എനിക്ക് സമീപമായിരിക്കും; അങ്ങും മക്കളും മക്കളുടെ മക്കളും അങ്ങയുടെ ആടുകളും കന്നുകാലികളും അങ്ങയ്ക്കുള്ളതൊക്കെയും തന്നെ.11 അങ്ങയ്ക്കും കുടുംബത്തിനും അങ്ങയ്ക്കുള്ള സകലത്തിനും ദാരിദ്ര്യം നേരിടാതവണ്ണം ഞാൻ അവിടെ അങ്ങയെ പോഷിപ്പിക്കും; ക്ഷാമം ഇനിയും അഞ്ച് വർഷം നില്ക്കും’12 ഇതാ, ഞാൻ യോസേഫ് തന്നെ നിങ്ങളോടു സംസാരിക്കുന്നു എന്നു നിങ്ങളും എന്റെ അനുജൻ ബെന്യാമീനും കണ്ണാലെ കാണുന്നുവല്ലോ.13 ഈജിപ്റ്റിൽ എനിക്കുള്ള മഹത്വവും നിങ്ങൾ കണ്ടതൊക്കെയും അപ്പനെ അറിയിക്കണം; എന്റെ അപ്പനെ വേഗത്തിൽ ഇവിടെ കൊണ്ടുവരുകയും വേണം”.14 അവൻ തന്റെ അനുജൻ ബെന്യാമീനെ കെട്ടിപ്പിടിച്ചു കരഞ്ഞു; ബെന്യാമീൻ അവനെയും കെട്ടിപ്പിടിച്ചു കരഞ്ഞു.15 അവൻ സഹോദരന്മാരെ എല്ലാവരേയും ചുംബിച്ചു കെട്ടിപ്പിടിച്ചു കരഞ്ഞു; അതിന്‍റെശേഷം സഹോദരന്മാർ അവനുമായി സംസാരിക്കുവാൻ തുടങ്ങി.16 യോസേഫിന്റെ സഹോദരന്മാർ വന്നിരിക്കുന്നു എന്നുള്ള വർത്തമാനം ഫറവോന്റെ അരമനയിൽ എത്തി; അത് ഫറവോനും അവന്റെ ഭൃത്യന്മാർക്കും സന്തോഷമായി.17 ഫറവോൻ യോസേഫിനോടു പറഞ്ഞത്: “നിന്റെ സഹോദരന്മാരോട് നീ പറയേണ്ടത് എന്തെന്നാൽ: ‘നിങ്ങൾ ഇതു ചെയ്‌വിൻ; നിങ്ങളുടെ മൃഗങ്ങളുടെ പുറത്തു ചുമട് കയറ്റി പുറപ്പെട്ടു കനാൻദേശത്തു ചെന്ന്18 നിങ്ങളുടെ അപ്പനെയും കുടുംബങ്ങളെയും കൂട്ടിക്കൊണ്ട് എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങൾക്ക് ഈജിപ്റ്റുരാജ്യത്തിലെ നന്മ തരും; ദേശത്തിന്റെ പുഷ്ടി നിങ്ങൾ അനുഭവിക്കും.19 നിനക്ക് കല്പന തന്നിരിക്കുന്നു; ‘ഇതാകുന്നു നിങ്ങൾ ചെയ്യേണ്ടത്: നിങ്ങളുടെ പൈതങ്ങൾക്കും ഭാര്യമാർക്കും വേണ്ടി ഈജിപ്റ്റുദേശത്തുനിന്ന് രഥങ്ങൾ കൊണ്ടുപോയി നിങ്ങളുടെ അപ്പനെ കയറ്റി കൊണ്ടുവരേണം.20 നിങ്ങളുടെ വസ്തുവകകളെക്കുറിച്ചു ചിന്തിക്കേണ്ടാ; ഈജിപ്റ്റുദേശത്തെങ്ങുമുള്ള നന്മ നിങ്ങൾക്കുള്ളതാകുന്നു21 യിസ്രായേലിന്റെ പുത്രന്മാർ അങ്ങനെ തന്നെ ചെയ്തു; യോസേഫ് അവർക്ക് ഫറവോന്റെ കല്പനപ്രകാരം രഥങ്ങൾ കൊടുത്തു; വഴിക്കു വേണ്ടുന്ന ആഹാരവും കൊടുത്തു.22 അവരിൽ ഓരോരുത്തർക്കും ഓരോ വസ്ത്രവും, ബെന്യാമീനു മൂന്നര കിലോഗ്രാം വെള്ളി അഞ്ച് വസ്ത്രവും കൊടുത്തു.23 അങ്ങനെ തന്നെ അവൻ തന്റെ അപ്പന് പത്തു കഴുതപ്പുറത്ത് ഈജിപ്റ്റിലെ വിശേഷസാധനങ്ങളും പത്തു പെൺകഴുതപ്പുറത്ത് വഴിച്ചെലവിനു ധാന്യവും ആഹാരവും കയറ്റി അയച്ചു.24 അങ്ങനെ അവൻ തന്റെ സഹോദരന്മാരെ യാത്ര അയച്ചു; അവർ പുറപ്പെടുമ്പോൾ: “നിങ്ങൾ വഴിയിൽവച്ചു ശണ്ഠകൂടരുത്” എന്ന് അവരോടു പറഞ്ഞു.25 അവർ ഈജിപ്റ്റിൽനിന്നു പുറപ്പെട്ടു കനാൻദേശത്ത് അപ്പനായ യാക്കോബിന്റെ അടുക്കൽ എത്തി.26 അവനോട്: “യോസേഫ് ജീവനോടിരിക്കുന്നു; അവൻ ഈജിപ്റ്റുദേശത്തിനൊക്കെയും അധിപതിയാകുന്നു” എന്നു പറഞ്ഞു. അപ്പോൾ യാക്കോബ് സ്തംഭിച്ചുപോയി; അവർ പറഞ്ഞത് വിശ്വസിച്ചതുമില്ല.27 യോസേഫ് അവരോട് പറഞ്ഞ വാക്കുകളെല്ലാം അവർ അവനോട് പറഞ്ഞു; തന്നെ കയറ്റികൊണ്ടു പോകുവാൻ യോസേഫ് അയച്ച രഥങ്ങൾ കണ്ടപ്പോൾ അവരുടെ അപ്പനായ യാക്കോബിനു വീണ്ടും ചൈതന്യം വന്നു.28 “മതി; എന്റെ മകൻ യോസേഫ് ജീവനോടിരിക്കുന്നു; ഞാൻ മരിക്കുംമുമ്പ് അവനെ പോയി കാണും” എന്നു യിസ്രായേൽ പറഞ്ഞു.

 

46 അനന്തരം യിസ്രായേൽ തനിക്കുള്ള സകലവുമായി യാത്ര പുറപ്പെട്ടു ബേർ-ശേബയിൽ എത്തി തന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവത്തിനു യാഗം കഴിച്ചു.ദൈവം യിസ്രായേലിനോടു രാത്രി ദർശനങ്ങളിൽ സംസാരിച്ചു: “യാക്കോബേ, യാക്കോബേ” എന്നു വിളിച്ചതിനു “ഞാൻ ഇതാ” എന്ന് അവൻ പറഞ്ഞു.അപ്പോൾ അവിടുന്ന്: “ഞാൻ ദൈവം ആകുന്നു; നിന്റെ പിതാവിന്റെ ദൈവം തന്നെ; ഈജിപ്റ്റിലേക്കു പോകുവാൻ ഭയപ്പെടേണ്ടാ; അവിടെ ഞാൻ നിന്നെ വലിയ ജനതയാക്കും” എന്ന് അരുളിച്ചെയ്തു.“ഞാൻ നിന്നോടുകൂടെ ഈജിപ്റ്റിലേക്കു പോരും; ഞാൻ നിന്നെ മടക്കിവരുത്തും; യോസേഫ് സ്വന്ത കൈകൊണ്ട് നിന്റെ കണ്ണ് അടയ്ക്കും” എന്നും അരുളിച്ചെയ്തു.പിന്നെ യാക്കോബ് ബേർ-ശേബയിൽനിന്നു പുറപ്പെട്ടു; യിസ്രായേലിന്റെ പുത്രന്മാർ അപ്പനായ യാക്കോബിനെ കയറ്റുവാൻ ഫറവോൻ അയച്ച രഥങ്ങളിൽ അവനെയും തങ്ങളുടെ മക്കളെയും ഭാര്യമാരെയും കയറ്റി കൊണ്ടുപോയി.തങ്ങളുടെ ആടുമാടുകളെയും കനാൻദേശത്തുവച്ചു സമ്പാദിച്ച സമ്പത്തുകളെയും കൊണ്ടുപോയി; അങ്ങനെ യാക്കോബും സന്തതികളുമെല്ലാം ഈജിപ്റ്റിൽ എത്തി.അവന്റെ പുത്രന്മാർ, പുത്രന്മാരുടെ പുത്രന്മാർ, തന്റെ പുത്രിമാർ, പുത്രന്മാരുടെ പുത്രിമാർ എന്നിങ്ങനെ തന്റെ സന്തതികൾ എല്ലാവരേയും കൂട്ടി ഈജിപ്റ്റിലേക്കു കൊണ്ടുപോയി.ഈജിപ്റ്റിൽ വന്ന യിസ്രായേൽ മക്കളുടെ പേരുകൾ ഇവയാണ്: യാക്കോബും അവന്റെ പുത്രന്മാരും; യാക്കോബിന്റെ ആദ്യജാതനായ രൂബേൻ.രൂബേന്റെ പുത്രന്മാർ: ഹനോക്, പല്ലൂ, ഹെസ്രോൻ, കർമ്മി.10 ശിമെയോന്റെ പുത്രന്മാർ: യെമൂവേൽ, യാമീൻ, ഓഹദ്, യാഖീൻ, സോഹർ, കനാന്യക്കാരിയുടെ മകനായ ശൌല്‍.11 ലേവിയുടെ പുത്രന്മാർ: ഗേർശോൻ, കെഹാത്ത്, മെരാരി.12 യെഹൂദയുടെ പുത്രന്മാർ: ഏർ, ഓനാൻ, ശേലാ, പേരെസ്, സേരെഹ്; എന്നാൽ ഏർ, ഓനാൻ എന്നിവർ കനാൻദേശത്തുവച്ചു മരിച്ചുപോയി. പേരെസിന്റെ പുത്രന്മാർ: ഹെസ്രോൻ, ഹാമൂൽ.13 യിസ്സാഖാരിന്റെ പുത്രന്മാർ: തോലാ, പുവ്വാ, യോബ്, ശിമ്രോൻ.14 സെബൂലൂന്റെ പുത്രന്മാർ: സേരെദ്, ഏലോൻ, യഹ്ലേയേൽ.15 ഇവർ ലേയായുടെ പുത്രന്മാർ; അവൾ അവരെയും യാക്കോബിന്റെ മകളായ ദീനയെയും അവന് പദ്ദൻ-അരാമിൽവച്ചു പ്രസവിച്ചു; അവന്റെ പുത്രന്മാരും പുത്രിമാരും എല്ലാംകൂടി മുപ്പത്തിമൂന്നു പേർ ആയിരുന്നു.16 ഗാദിന്റെ പുത്രന്മാർ: സിഫ്യോൻ, ഹഗ്ഗീ, ശൂനീ, എസ്ബോൻ, ഏരി, അരോദീ, അരേലി.17 ആശേരിന്റെ പുത്രന്മാർ: യിമ്നാ, യിശ്വാ, യിശ്വീ, ബെരീയാ; ഇവരുടെ സഹോദരി സേരഹ്. ബെരീയാവിന്റെ പുത്രന്മാർ:18 ഹേബെർ, മൽക്കീയേൽ. ഇവർ ലാബാൻ തന്റെ മകളായ ലേയാക്കു കൊടുത്ത സില്പായുടെ പുത്രന്മാർ; അവൾ യാക്കോബിന് ഈ പതിനാറു പേരെ പ്രസവിച്ചു.19 യാക്കോബിന്റെ ഭാര്യയായ റാഹേലിന്റെ പുത്രന്മാർ: യോസേഫ്, ബെന്യാമീൻ.20 യോസേഫിന് ഈജിപ്റ്റുദേശത്തു മനശ്ശെയും എഫ്രയീമും ജനിച്ചു; അവരെ ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകളായ ആസ്നത്ത് അവന് പ്രസവിച്ചു.21 ബെന്യാമീന്റെ പുത്രന്മാർ: ബേല, ബേഖെർ, അശ്ബേൽ, ഗേരാ, നാമാൻ, ഏഹീ, രോശ്, മുപ്പീം, ഹുപ്പീം, അർദ്.22 ഇവർ റാഹേൽ യാക്കോബിനു പ്രസവിച്ച പുത്രന്മാർ; എല്ലാംകൂടെ പതിനാല് പേർ.23 ദാന്റെ പുത്രൻ: ഹൂശീം.24 നഫ്താലിയുടെ പുത്രന്മാർ: യഹ്സേൽ, ഗൂനി, യേസെർ, ശില്ലേം.25 ഇവർ ലാബാൻ തന്റെ മകളായ റാഹേലിനു കൊടുത്ത ബിൽഹായുടെ പുത്രന്മാർ; അവൾ യാക്കോബിന് ഇവരെ പ്രസവിച്ചു; എല്ലാംകൂടെ ഏഴുപേർ.26 യാക്കോബിന്റെ പുത്രന്മാരുടെ ഭാര്യമാരെ കൂടാതെ അവനിൽനിന്ന് ജനിച്ചവരായി അവനോടുകൂടെ ഈജിപ്റ്റിൽ വന്നവർ ആകെ അറുപത്താറു പേർ.27 യോസേഫിനു ഈജിപ്റ്റിൽവച്ചു ജനിച്ച പുത്രന്മാർ രണ്ടുപേർ; ഈജിപ്റ്റിൽ വന്നവരായ യാക്കോബിന്റെ കുടുംബം ആകെ എഴുപത് പേർ.28 എന്നാൽ ഗോശെനിലേക്കു യാക്കോബിന് വഴി കാണിക്കേണ്ടതിന് യാക്കോബ് യെഹൂദയെ യോസേഫിന്റെ അടുക്കൽ മുൻകൂട്ടി അയച്ചു; ഇങ്ങനെ യാക്കോബും സന്തതികളും ഗോശെൻദേശത്ത് എത്തി.29 യോസേഫ് രഥം കെട്ടിച്ച് അപ്പനായ യിസ്രായേലിനെ എതിരേൽക്കുവാൻ ഗോശെനിലേക്കു പോയി, അവനെ കണ്ടപ്പോൾ കെട്ടിപ്പിടിച്ച് ഏറെനേരം കരഞ്ഞു.30 യിസ്രായേൽ യോസേഫിനോട്: “നീ ജീവനോടിരിക്കുന്നു എന്നു ഞാൻ നിന്റെ മുഖം കണ്ടറിഞ്ഞതുകൊണ്ട് ഞാൻ ഇപ്പോൾതന്നെ മരിച്ചാലും വേണ്ടില്ല” എന്നു പറഞ്ഞു.31 പിന്നെ യോസേഫ് സഹോദരന്മാരോടും അപ്പന്റെ കുടുംബത്തോടും പറഞ്ഞത്: “ഞാൻ ചെന്നു ഫറവോനോട്: ‘കനാൻദേശത്തുനിന്ന് എന്റെ സഹോദരന്മാരും അപ്പന്റെ കുടുംബവും എന്റെ അടുക്കൽ വന്നിരിക്കുന്നു എന്ന് അറിയിക്കും.32 അവർ ഇടയന്മാർ ആകുന്നു; കന്നുകാലികളെ മേയിക്കുന്നത് അവരുടെ തൊഴിൽ; അവർ തങ്ങളുടെ ആടുകളെയും കന്നുകാലികളെയും തങ്ങൾക്കുള്ളത് എല്ലാം കൊണ്ടുവന്നിട്ടുണ്ട്’ എന്ന് ഫറവോനോട് പറയും.33 അതുകൊണ്ട് ഫറവോൻ നിങ്ങളെ വിളിച്ച്: ‘നിങ്ങളുടെ തൊഴിൽ എന്ത്?’ എന്നു ചോദിക്കുമ്പോൾ:34 ‘അടിയങ്ങൾ ബാല്യംമുതൽ ഇന്നുവരെയും, ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും ഗോപാലകന്മാരാകുന്നു’ എന്നു പറയുവിൻ; എന്നാൽ ഗോശെനിൽ വസിക്കുവാൻ നിങ്ങളെ അനുവദിക്കും; ഇടയന്മാരെല്ലാം ഈജിപ്റ്റുകാർക്കു വെറുപ്പല്ലോ”

 

47 അങ്ങനെ യോസേഫ് ചെന്ന്: “എന്റെ അപ്പനും സഹോദരന്മാരും അവരുടെ ആടുകളും കന്നുകാലികളും അവർക്കുള്ള സകലവും കനാൻദേശത്തുനിന്നു വന്നു; അവർ ഇപ്പോൾ ഗോശെൻദേശത്ത് ഇരിക്കുന്നു” എന്നു ഫറവോനെ ബോധിപ്പിച്ചു.പിന്നെ അവൻ തന്റെ സഹോദരന്മാരിൽ അഞ്ചുപേരെ കൂട്ടിക്കൊണ്ടുചെന്നു ഫറവോന്റെ സന്നിധിയിൽ നിർത്തി.അപ്പോൾ ഫറവോൻ അവന്റെ സഹോദരന്മാരോട്: “നിങ്ങളുടെ തൊഴിൽ എന്ത്” എന്നു ചോദിച്ചതിന് അവർ ഫറവോനോട്: “അടിയങ്ങളും അടിയങ്ങളുടെ പിതാക്കന്മാരും ഇടയന്മാരാകുന്നു” എന്നു പറഞ്ഞു.“ദേശത്തു പാർക്കുവാൻ ഞങ്ങൾ വന്നിരിക്കുന്നു; കനാൻദേശത്തു ക്ഷാമം കഠിനമായിരിക്കയാൽ അടിയങ്ങളുടെ ആടുകൾക്കു മേച്ചിലില്ല; അടിയങ്ങൾ ഗോശെൻദേശത്തു പാർത്തുകൊള്ളട്ടെ” എന്നും അവർ ഫറവോനോട് പറഞ്ഞു.ഫറവോൻ യോസേഫിനോട്: “നിന്റെ അപ്പനും സഹോദരന്മാരും നിന്റെ അടുക്കൽ വന്നിരിക്കുന്നുവല്ലോ.ഈജിപ്റ്റുദേശം നിന്റെ മുമ്പാകെ ഇരിക്കുന്നു; ദേശത്തിലേക്കും നല്ലഭാഗത്ത് നിന്റെ അപ്പനെയും സഹോദരന്മാരെയും താമസിപ്പിക്കുക; അവർ ഗോശെൻദേശത്തുതന്നെ വസിച്ചുകൊള്ളട്ടെ. അവരിൽ പ്രാപ്തന്മാർ ഉണ്ടെന്ന് നീ അറിയുന്നു എങ്കിൽ അവരെ എന്റെ ആടുമാടുകളുടെ മേൽവിചാരകന്മാരാക്കി വെക്കുക” എന്നു കല്പിച്ചു.യോസേഫ് തന്റെ അപ്പനായ യാക്കോബിനെയും അകത്ത് കൊണ്ടുചെന്നു, അവനെ ഫറവോന്റെ സന്നിധിയിൽ നിർത്തി,യാക്കോബ് ഫറവോനെ അനുഗ്രഹിച്ചു. ഫറവോൻ യാക്കോബിനോട്: “എത്ര വയസ്സായി” എന്നു ചോദിച്ചു.യാക്കോബ് ഫറവോനോട്: “എന്റെ പരദേശപ്രയാണത്തിന്റെ കാലം നൂറ്റിമുപ്പത് വർഷം ആയിരിക്കുന്നു. എന്റെ ആയുഷ്കാലം ചുരുക്കവും കഷ്ടതയേറിയതും അത്രേ; എന്റെ പിതാക്കന്മാരുടെ പരദേശപ്രയാണമായ ആയുഷ്കാലത്തോളം എത്തിയിട്ടുമില്ല” എന്നു പറഞ്ഞു.10 യാക്കോബ് ഫറവോനെ പിന്നെയും അനുഗ്രഹിച്ചു ഫറവോന്റെ സന്നിധിയിൽനിന്ന് പോയി.11 അനന്തരം യോസേഫ് തന്റെ അപ്പനെയും സഹോദരന്മാരെയും പാർപ്പിച്ചു; ഫറവോൻ കല്പിച്ചതുപോലെ അവർക്ക് ഈജിപ്റ്റുദേശത്തിലേക്കും നല്ല ഭാഗമായ രമെസേസ് ദേശത്ത് അവകാശവും കൊടുത്തു.12 യോസേഫ് തന്റെ അപ്പനെയും സഹോദരന്മാരെയും അപ്പന്റെ കുടുംബത്തെ ഒക്കെയും കുടുംബത്തിലെ എണ്ണത്തിന് ഒത്തവണ്ണം ആഹാരം കൊടുത്തു രക്ഷിച്ചു.13 എന്നാൽ ക്ഷാമം ഏറ്റവും കഠിനമായിരുന്നതുകൊണ്ട് ദേശത്തെങ്ങും ആഹാരമില്ലാതെയായി ഈജിപ്റ്റുദേശവും കനാൻദേശവും ക്ഷാമംകൊണ്ടു വലഞ്ഞു.14 ജനങ്ങൾ വാങ്ങിയ ധാന്യത്തിനു വിലയായി യോസേഫ് ഈജിപ്റ്റുദേശത്തും കനാൻദേശത്തുമുള്ള പണം ഒക്കെയും ശേഖരിച്ചു; പണം യോസേഫ് ഫറവോന്റെ അരമനയിൽ കൊണ്ടുവന്നു.15 ഈജിപ്റ്റുദേശത്തും കനാൻദേശത്തും പണം ഇല്ലാതെയായപ്പോൾ ഈജിപ്റ്റുകാർ ഒക്കെയും യോസേഫിന്റെ അടുക്കൽ ചെന്ന്: “ഞങ്ങൾക്ക് ആഹാരം തരേണം; ഞങ്ങൾ നിന്റെ മുമ്പിൽ കിടന്നു മരിക്കുന്നത് എന്തിന്? പണം തീർന്നുപോയി” എന്നു പറഞ്ഞു.16 അതിന് യോസേഫ്: “നിങ്ങളുടെ ആടുമാടുകളെ തരുവിൻ; പണം തീർന്നുപോയെങ്കിൽ നിങ്ങളുടെ ആടുമാടുകളെ വിലയായി വാങ്ങി ഞാൻ ആഹാരം തരാം” എന്നു പറഞ്ഞു.17 അങ്ങനെ അവർ തങ്ങളുടെ കന്നുകാലികളെ യോസേഫിന്റെ അടുക്കൽ കൊണ്ടുവന്നു; കുതിര, ആട്, കന്നുകാലി, കഴുത എന്നിവയെ യോസേഫ് വിലയായി വാങ്ങി അവർക്ക് ആഹാരം കൊടുത്തു; ആ വർഷം അവരുടെ കന്നുകാലികളെ എല്ലാം വാങ്ങി ആഹാരം കൊടുത്തു അവരെ രക്ഷിച്ചു.18 ആ വർഷം കഴിഞ്ഞ് പിറ്റെ വർഷം അവർ അവന്റെ അടുക്കൽ ചെന്ന് അവനോട് പറഞ്ഞത്: “ഞങ്ങളുടെ പണം ചെലവായി, മൃഗക്കൂട്ടങ്ങളും യജമാനന്റേതായി; ഞങ്ങളുടെ ശരീരങ്ങളും നിലങ്ങളുമല്ലാതെ യജമാനന്റെ മുമ്പാകെ ഒന്നും ശേഷിപ്പില്ല എന്നുള്ളത് യജമാനനെ ഞങ്ങൾ മറയ്ക്കുന്നില്ല.19 ഞങ്ങളും ഞങ്ങളുടെ നിലവും നിന്റെ കണ്ണിന് മുമ്പിൽ എന്തിന് നശിക്കുന്നു? നീ ഞങ്ങളെയും നിലത്തെയും ആഹാരത്തിനു വിലയായി വാങ്ങണം. ഞങ്ങൾ നിലവുമായി ഫറവോന് അടിമകൾ ആകട്ടെ. ഞങ്ങൾ മരിക്കാതെ ജീവനോടിരിക്കേണ്ടതിനും നിലം ശൂന്യമായി പോകാതിരിക്കേണ്ടതിനും ഞങ്ങൾക്കു വിത്ത് തരണം”.20 അങ്ങനെ യോസേഫ് ഈജിപ്റ്റിലെ നിലം ഒക്കെയും ഫറവോനുവേണ്ടി വിലയ്ക്കു വാങ്ങി; ക്ഷാമം പ്രബലപ്പെട്ടതുകൊണ്ടു ഈജിപ്റ്റുകാർ തങ്ങളുടെ നിലം വിറ്റു; നിലമെല്ലാം ഫറവോന്റേതായി.21 ജനങ്ങളെയോ അവൻ ഈജിപ്റ്റുദേശത്തിന്റെ ഒരറ്റംമുതൽ മറ്റേയറ്റംവരെ പട്ടണങ്ങളിലേക്ക് അടിമാകളാക്കി മാറ്റി പാർപ്പിച്ചു.22 പുരോഹിതന്മാരുടെ നിലം മാത്രം അവൻ വാങ്ങിയില്ല; പുരോഹിതന്മാർക്കു ഫറവോൻ ഒരു വിഹിതം നിശ്ചയിച്ചിട്ടുണ്ടായിരുന്നു; ഫറവോൻ അവർക്ക് കൊടുത്ത വിഹിതംകൊണ്ട് അവർ ഉപജീവനം കഴിച്ചതിനാൽ അവർ അവരുടെ നിലം വിറ്റില്ല.23 യോസേഫ് ജനങ്ങളോട്: “ഞാൻ ഇന്ന് നിങ്ങളെയും നിങ്ങളുടെ നിലത്തെയും ഫറവോനു വിലയ്ക്കു വാങ്ങിയിരിക്കുന്നു; നിങ്ങൾക്ക് വിത്ത് ഇതാ; നിലം വിതച്ചുകൊള്ളുവിൻ.24 വിളവെടുക്കുമ്പോൾ നിങ്ങൾ ഫറവോന് അഞ്ചിലൊന്നു കൊടുക്കണം; നാലോഹരിയോ, വിതയ്ക്കാനുള്ള വിത്തായിട്ടും നിങ്ങൾക്കും നിങ്ങളുടെ വീടുകളിലുള്ളവർക്കും നിങ്ങളുടെ കുഞ്ഞുകുട്ടികൾക്കും ആഹാരമായിട്ടും നിങ്ങൾക്കുതന്നെ ഇരിക്കട്ടെ” എന്നു പറഞ്ഞു.25 അതിന് അവർ: “നീ ഞങ്ങളുടെ ജീവനെ രക്ഷിച്ചിരിക്കുന്നു; യജമാനന് ഞങ്ങളോടു ദയയുണ്ടായാൽ മതി; ഞങ്ങൾ ഫറവോന് അടിമകളായിക്കൊള്ളാം” എന്നു പറഞ്ഞു.26 അഞ്ചിലൊന്നു ഫറവോനു കൊടുക്കണം എന്നിങ്ങനെ യോസേഫ് ഈജിപ്റ്റിലെ നിലങ്ങളെ സംബന്ധിച്ചു വച്ച നിയമം ഇന്നുവരെയും നിലനിൽക്കുന്നു. പുരോഹിതന്മാരുടെ നിലം മാത്രം ഫറവോന്റേതായിട്ടില്ല.27 യിസ്രായേൽ ഈജിപ്റ്റുരാജ്യത്തിലെ ഗോശെൻദേശത്തു പാർത്തു; അവിടെ കൈവശാവകാശം സമ്പാദിച്ച്, ഏറ്റവും സന്താന പുഷ്ടിയുള്ളവരായി പെരുകിവന്നു.28 യാക്കോബ് ഈജിപ്റ്റിൽ വന്നശേഷം പതിനേഴു വർഷം ജീവിച്ചിരുന്നു; യാക്കോബിന്റെ ആയുഷ്കാലം ആകെ നൂറ്റിനാല്പത്തേഴു വർഷം ആയിരുന്നു.29 മരണത്തിനുള്ള കാലം അടുത്തപ്പോൾ യാക്കോബ് തന്റെ മകനായ യോസേഫിനെ വിളിപ്പിച്ച് അവനോട്: “നിനക്ക് എന്നോട് കൃപയുണ്ടെങ്കിൽ നിന്റെ കൈ എന്റെ തുടയിൻകീഴിൽ വെക്കുക; എന്നോട് ദയയും വിശ്വസ്തതയും കാണിച്ച് എന്നെ ഈജിപ്റ്റിൽ അടക്കാതെ,30 ഞാൻ എന്റെ പിതാക്കന്മാരെപ്പോലെ നിദ്രകൊള്ളുമ്പോൾ എന്നെ ഈജിപ്റ്റിൽ നിന്ന് എടുത്തുകൊണ്ടുപോയി അവരുടെ ശ്മശാനഭൂമിയിൽ സംസ്കരിക്കണം” എന്നു പറഞ്ഞു. അങ്ങയുടെ കല്പനപ്രകാരം ഞാൻ ചെയ്യാം” എന്ന് യോസേഫ് പറഞ്ഞു.31 “എന്നോട് സത്യം ചെയ്ക” എന്ന് യിസ്രായേൽ പറഞ്ഞു; യോസേഫ് സത്യംചെയ്തു; അപ്പോൾ യിസ്രായേൽ കട്ടിലിന്റെ തലയ്ക്കൽ നമസ്കരിച്ചു.